ഇനി ബോര്‍ഡ് നോക്കാതെ ബസ് കയറാം

കോഴിക്കോട്: ജില്ലയിലെ എല്ലാ ബസുകള്‍ക്കും റൂട്ടുകള്‍ അടിസ്ഥാനമാക്കി ഏകീകൃത നമ്പര്‍ സമ്പ്രദായം നടപ്പാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്‍െറ പദ്ധതി ഉടന്‍ ആരംഭിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജില്ലയുടെ കോഡായ K എന്നതിനൊപ്പം ബസ് എവിടേക്ക് പോവുന്നുവെന്നതിനെ അടിസ്ഥാനമാക്കി നമ്പര്‍ നല്‍കുന്നതാണ് രീതി. വൃത്താകൃതിയിലുള്ള ചുവപ്പ് പശ്ചാത്തലത്തില്‍ വെള്ള നിറത്തില്‍ നല്‍കുന്ന ബസ് നമ്പര്‍ ഏറെ അകലെനിന്നുപോലും വായിക്കാനാവുന്ന വിധത്തിലായിരിക്കും പ്രദര്‍ശിപ്പിക്കുക. മലയാളി യാത്രക്കാര്‍ക്കു പുറമെ, അനുദിനം വര്‍ധിച്ചുവരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വിദേശ വിനോദസഞ്ചാരികള്‍ക്കും ബോര്‍ഡിലെ സ്ഥലനാമം വായിക്കാതെ എളുപ്പത്തില്‍ ബസ് കണ്ടത്തെി യാത്രചെയ്യാന്‍ ഇതുവഴി കഴിയും. ഇതിനു പുറമെ ഓരോ ബസ്സ്റ്റോപ്പിലും ഏതൊക്കെ നമ്പര്‍ ബസുകള്‍ ഏതൊക്കെ റൂട്ടുകളില്‍ ഓടുന്നുവെന്ന് വ്യക്തമാക്കുന്ന ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇതില്‍ നോക്കി കയറേണ്ട ബസിന്‍െറ നമ്പര്‍ കണ്ടുപിടിക്കുക എളുപ്പമാവും. കണ്ണൂര്‍ സര്‍വകലാശാലയിലെ മാനേജ്മെന്‍റ് പഠനവിഭാഗം തലവന്‍ ഡോ. ഫൈസലിന്‍െറ നേതൃത്വത്തിലുള്ള സംഘം ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ സര്‍വേ നടത്തി. റൂട്ടുകള്‍ തിരിച്ച് നമ്പര്‍ നല്‍കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കി. ആദ്യഘട്ടത്തില്‍ 136 സിറ്റി റൂട്ടുകളിലെ ബസുകള്‍ക്കാവും നമ്പര്‍ നല്‍കുക. പിന്നീട് മൊഫ്യൂസില്‍, പാളയം സ്റ്റാന്‍ഡുകളില്‍നിന്നുള്ള ബസുകള്‍, കെ.എസ്.ആര്‍.ടി.സി ബസുകള്‍ എന്നിവയിലേക്ക് ഇത് വ്യാപിപ്പിക്കും. പദ്ധതി നടപ്പിലാവുന്നതോടെ UNSBR എന്ന പേരില്‍ ഇതിന് പ്രത്യേക മൊബൈല്‍ ആപ് നിലവില്‍വരും. റൂട്ടുകളെയും ബസുകളെയും കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇതില്‍ ലഭ്യമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.