ഹജ്ജ് വളന്‍റിയര്‍ വിസ തട്ടിപ്പ്: പൊലീസ് നീക്കത്തില്‍ ദുരൂഹത

മുക്കം: ഹാജിമാരുടെ സേവനത്തിനായി കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കി പണവും പാസ്പോര്‍ട്ടും വാങ്ങി ഏജന്‍റ് മുങ്ങിയ സംഭവത്തില്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കിയ വിവരങ്ങളില്‍ ദുരൂഹതകളേറെയാണ്. കഴിഞ്ഞ ദിവസം ഓമശ്ശേരി പെട്രോള്‍പമ്പിന് സമീപം ഉപേക്ഷിച്ച നിലയിലുള്ള കാറില്‍നിന്ന് 416 പാസ്പോര്‍ട്ടുകള്‍ മുക്കം പൊലീസിന് ലഭിച്ചിരുന്നു. ഇത് മുഖ്യപ്രതിയും ഏജന്‍റുമായ ജാബിറിന്‍െറ തറവാട് വീടിന് സമീപം ഉപേക്ഷിച്ച കാറില്‍നിന്ന് ലഭിച്ചുവെന്നാണ് മാധ്യമങ്ങളോട് പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍, പാസ്പോര്‍ട്ടുമായി കാറില്‍ വന്നവര്‍ വിവരം പൊലീസിനെ അറിയിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പൊലീസത്തെി കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആരാണ് വിവരം പൊലീസിന് നല്‍കിയതെന്നോ കസ്റ്റഡിയില്‍ എടുക്കാനായി ഡ്രൈവറെ അയച്ചത് ആരെന്നോ പൊലീസ് വ്യക്തമാക്കുന്നില്ല. തട്ടിപ്പ് പുറത്തുവന്നതുമുതല്‍ പൊലീസ് തുടരുന്ന മൃദുസമീപനത്തില്‍ പ്രതിഷേധം ഉയരുകയാണ്. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത കാര്‍ ഡ്രൈവറെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വയനാട് പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതോടൊപ്പം വയനാട് പരിധിയിലെ ആളുകളുടെ പാസ്പോര്‍ട്ടുകളും കൈമാറിയിട്ടുണ്ട്. ഡ്രൈവറായി വന്നയാള്‍ക്ക് തട്ടിപ്പുമായി ബന്ധമില്ളെന്നാണ് മുക്കം പൊലീസ് വിശദീകരിക്കുന്നത്. ഭരണപക്ഷത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. പണം തിരിച്ചു നല്‍കാതെ പാസ്പോര്‍ട്ട് മാത്രം നല്‍കി പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണത്രെ. പ്രതിയും കൂട്ടാളികളും കേരളത്തിന് പുറത്താണെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിലും തട്ടിപ്പുണ്ട് എന്നാണ് അറിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.