കോഴിക്കോട്: നഗരസഭ ഭരിക്കുന്ന ഇടതുപക്ഷവും പ്രബലരായ വലതുപക്ഷവും ഒത്തുപിടിച്ചിട്ടും നഗരസഭാ ഓഫിസിലെ ബയോമെട്രിക് പഞ്ചിങ് സംവിധാനം ഉടനെയൊന്നും നടപ്പാവില്ളെന്ന് ഉറപ്പായി. എന്‍.ജി.ഒ യൂനിയന്‍, എന്‍.ജി.ഒ അസോസിയേഷന്‍ എന്നീ ഇടത്-വലത് സംഘടനകളില്‍ അംഗങ്ങളായ ജീവനക്കാര്‍ ഒന്നടങ്കം എതിര്‍ക്കുന്നതിനാല്‍ ഇവരെ പിണക്കി പഞ്ചിങ് നടപ്പാക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ളെന്നതാണ് യാഥാര്‍ഥ്യം. പല വിഷയങ്ങളിലും രാഷ്ട്രീയമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ജീവനക്കാരുടെ സംഘടനകള്‍, പെന്‍ഷന്‍പ്രായം 58 ആക്കുന്നതിലും പഞ്ചിങ്ങിനെ എതിര്‍ക്കുന്നതിലും പക്ഷേ, ഒറ്റക്കെട്ടാണ്. ‘തോന്നുമ്പോള്‍ വന്ന് തോന്നുമ്പോള്‍ പോകാം’ എന്ന വര്‍ഷങ്ങളുടെ ശീലം മാറ്റാന്‍ ഭൂരിഭാഗം ജീവനക്കാര്‍ക്കും താല്‍പര്യമില്ല. ഓരോ സെക്ഷനുകളിലെയും ഹാജര്‍ രജിസ്റ്ററില്‍ വരക്കുന്നതാണ് നിലവിലെ ഹാജര്‍സംവിധാനം. ഒന്നും രണ്ടും മണിക്കൂര്‍ ജീവനക്കാര്‍ വൈകിയത്തെിയാലും അതുവരെ സഹപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ പിടിച്ചുവെച്ചുകൊള്ളും. കൂടുതല്‍ വൈകിയാല്‍ സുഹൃത്തിന്‍െറ പേരിനുനേരെ ഒപ്പിടുന്ന ജീവനക്കാരും നഗരസഭയിലുണ്ട്. ഉച്ചക്കോ, ഉച്ചക്കുശേഷമോ രജിസ്റ്ററിലെ രണ്ടാംകോളത്തില്‍ വരച്ച് വീടുകളിലേക്ക് മടങ്ങിപ്പോവുകയുമാവാം. ഈരീതി വര്‍ഷങ്ങളായി തുടരുന്നതാണ് നഗരസഭാ ഓഫിസിലെ മിക്ക സെക്ഷനുകളിലെയും കസേരകള്‍ സദാ ഒഴിഞ്ഞുകിടക്കാന്‍ കാരണം. കസേരയില്‍ ആളില്ളെങ്കിലും ഹാജര്‍ രജിസ്റ്ററില്‍ ഒപ്പുണ്ടാകും. യൂനിവേഴ്സിറ്റികളിലും നഗരത്തിലെ ഏതാണ്ടെല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും സ്ഥാപിച്ച ബയോമെട്രിക് പഞ്ചിങ് നഗരസഭയില്‍ നടപ്പാക്കാന്‍ മൂന്നു വര്‍ഷം മുമ്പ് കൗണ്‍സില്‍ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചതാണ്. പഞ്ചിങ് വന്നാലുള്ള ‘അപകടം’ മുന്നില്‍ക്കണ്ട് നഗരസഭയിലെ എന്‍ജിനീയറിങ് വിഭാഗമാണ് എതിര്‍പ്പുമായി ആദ്യം രംഗത്തിറങ്ങിയത്. ഓഫിസ് കടലിനടുത്തായതിനാല്‍ യന്ത്രം പെട്ടെന്ന് തുരുമ്പുപിടിച്ച് നശിക്കും ഫീല്‍ഡ് ഡ്യൂട്ടിക്ക് പോകുന്നവരുടെ ഹാജര്‍ രേഖപ്പെടുത്താനാവില്ല, കെല്‍ട്രോണ്‍ മുന്‍കൂര്‍ ആവശ്യപ്പെട്ട തുക നല്‍കാനാവില്ല, കൊച്ചിയില്‍ പദ്ധതി പരാജയപ്പെട്ടതാണ് തുടങ്ങിയവയായിരുന്നു തടസ്സവാദങ്ങള്‍. എന്നാല്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ റിസര്‍ച് സ്കോളര്‍മാരടക്കമുള്ളവര്‍ക്ക് പഞ്ചിങ് സംവിധാനം വിജയകരമായി നടപ്പാക്കി. നഗരസഭാ ജീവനക്കാര്‍ നിരത്തിയ തടസ്സവാദങ്ങളെല്ലാം വാഴ്സിറ്റിയിലെ ജീവനക്കാരും ഉന്നയിച്ചെങ്കിലും നടപ്പാക്കിയേ തീരൂ എന്ന നിലപാടിലായിരുന്നു അടുത്തിടെ വിരമിച്ച വൈസ് ചാന്‍സലര്‍. ഫീല്‍ഡില്‍ പോകുന്നവര്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയും സ്വയം പഞ്ച് ചെയ്ത് മാതൃക കാണിച്ചുമാണ് വി.സി പദ്ധതി വിജയകരമായി നടപ്പാക്കിയത്. ഇച്ഛാശക്തിയുണ്ടെങ്കില്‍ പദ്ധതി നടപ്പാക്കാനാവുമെന്ന് വി.സി തെളിയിച്ചതോടെ ജീവനക്കാര്‍ക്ക് അനുസരിക്കേണ്ടിവന്നു. പക്ഷേ, നഗരസഭയില്‍ സംഗതി മറിച്ചാണ്. കൃത്യമായി ശമ്പളംപറ്റുന്ന ജീവനക്കാര്‍ കൃത്യമായി ഓഫിസില്‍ വരുന്നുണ്ടോ എന്നുറപ്പാക്കേണ്ടത് ഓഫിസ് മേധാവിയുടെ ചുമതലയാണെന്നിരിക്കെ, ഒഴിഞ്ഞുമാറുന്നതിലാണ് നഗരസഭാ അധികൃതര്‍ക്ക് താല്‍പര്യം. വര്‍ഷങ്ങളായി നഗരസഭ ഭരിക്കുന്നത് ഇടതുപക്ഷമാണ്. പ്രതിപക്ഷത്തിന്‍െറ പൂര്‍ണ പിന്തുണ ലഭിച്ചിട്ടും പഞ്ചിങ് നടപ്പാക്കാന്‍ കൗണ്‍സിലിന് കഴിയുന്നില്ല. ജനോപകാരപ്രദമായ ഈ വിഷയത്തില്‍ ശക്തമായ നിലപാടെടുക്കാന്‍ മേയറുള്‍പ്പെടെ ആര്‍ക്കും ധൈര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.