പയ്യോളിയില്‍ ട്രാഫിക് പരിഷ്കാരം വിജയം കാണുന്നു

പയ്യോളി: ഗതാഗതക്കുരുക്കില്‍നിന്ന് പയ്യോളി ടൗണിനെ രക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തിയ ട്രാഫിക് പരിഷ്കാരം വിജയം കാണുന്നു. ഏറെക്കാലമായി ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടിക്കിടന്ന പയ്യോളിയില്‍ സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ കെ.സി. സുഭാഷ്ബാബുവിന്‍െറ നേതൃത്വത്തിലാണ് ഒക്ടോബര്‍ 12 മുതല്‍ പരിഷ്കാരം ഏര്‍പ്പെടുത്തിയത്. ദീര്‍ഘദൂര യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളോളം വാഹനങ്ങളുമായി നടുറോഡില്‍ കാത്തുകഴിയേണ്ട അവസ്ഥ ട്രാഫിക് പരിഷ്കാരത്തോടെ മാറി. ട്രാഫിക് പരിഷ്കാരം ഏര്‍പ്പെടുത്തിയ പയ്യോളി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ മോട്ടോര്‍ തൊഴിലാളികളുടെയും വാഹന ഉടമകളുടെയും നാട്ടുകാരുടെയും വ്യാപാരികളുടെയും അഭിനന്ദന പ്രവാഹമാണ്. ഉദ്യോഗസ്ഥര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഓട്ടോ തൊഴിലാളികള്‍ ടൗണില്‍ ബോര്‍ഡ് ഉയര്‍ത്തിയിരിക്കുകയാണ്. പ്രിന്‍സിപ്പല്‍ എസ്.ഐ കെ.കെ. ആഗേഷ്, എസ്.ഐമാരായ കെ. ഗംഗാധരന്‍, പി. കുഞ്ഞിസൂപ്പി എന്നിവരും സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരും ഒന്നായെടുത്ത തീരുമാനത്തിന്‍െറ ഭാഗമായാണ് ട്രാഫിക് പരിഷ്കാരം നിലവില്‍വന്നത്. സാധാരണ ഗതിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ട്രാഫിക് അഡൈ്വസറി കമ്മിറ്റി ചേര്‍ന്നാണ് പരിഷ്കാരം ഏര്‍പ്പെടുത്താറ്. എന്നാല്‍, പയ്യോളിയില്‍ അത് ഫലപ്രദമാകാത്തതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ ട്രാഫിക് സംവിധാനം പരിഷ്കരിക്കുകയായിരുന്നു. ട്രാഫിക് പരിഷ്കാരം ഏര്‍പ്പെടുത്തുമ്പോഴൊക്കെ എതിര്‍പ്പുമായി വരുന്ന മോട്ടോര്‍ തൊഴിലാളികള്‍ പക്ഷേ, പയ്യോളിയില്‍ അതിനെ നൂറു ശതമാനവും പിന്തുണച്ചു. അതേസമയം, മോട്ടോര്‍ തൊഴിലാളികളും നാട്ടുകാരും ഒന്നാകെ പിന്തുണച്ച ട്രാഫിക് പരിഷ്കാരത്തെ അട്ടിമറിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നതായി അറിയുന്നു. ബുധനാഴ്ച പൊലീസ് സ്റ്റേഷനുസമീപം ദേശീയപാതയോരത്ത് സ്വകാര്യ ബസുകള്‍ക്കുള്ള പഞ്ചിങ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ദീര്‍ഘദൂര ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കാനും അതുവഴി വാഹനാപകടങ്ങള്‍ കുറക്കാനും പൊലീസിന് കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT