വടകര: തുലാവര്‍ഷം കനത്തു പെയ്തതോടെ വടകര ടൗണില്‍ വെള്ളപ്പൊക്കം. ഓവുചാലുകള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുന്നതിനാല്‍ കടകളില്‍ വെള്ളം കയറി. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ നിരവധി കടകളിലാണ് വെള്ളം കയറിയത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ മഴ രണ്ടര മണിക്കൂറോളം തുടര്‍ച്ചയായി പെയ്തു. അപ്രതീക്ഷതമായി തിമര്‍ത്തുപെയ്ത മഴ ജനങ്ങളെ വലച്ചു. കടകളില്‍ വെള്ളം കയറിയതിനാല്‍ പല സാധനങ്ങളും നശിച്ചു. ഫോട്ടോസ്റ്റാറ്റ് മെഷീന്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയും ഭക്ഷ്യവസ്തുക്കളും നശിച്ചു. ചിലകടകളില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം നീക്കം ചെയ്തത്. ഹോട്ടലുകള്‍ അടച്ചിടേണ്ടി വന്നു. ലിങ്ക് റോഡിലും വെള്ളം കെട്ടിക്കിടന്നതിനാല്‍ യാത്ര ദുഷ്കരമായി. മണിക്കൂറുകളോളം ഇതുവഴിയുള്ള യാത്ര പൂര്‍ണമായും നിലച്ചു. വെള്ളം ഊര്‍ന്നിറങ്ങേണ്ട സ്ഥലങ്ങളില്‍ ചപ്പുചവറുകള്‍ വന്നടിഞ്ഞതാണ് പ്രയാസം സൃഷ്ടിച്ചത്. പ്ളാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ ഓവുചാലില്‍ കെട്ടിക്കിടക്കുന്നതാണ് വെല്ലുവിളിയായത്. ഇക്കഴിഞ്ഞ വര്‍ഷകാലത്തെ മഴവെള്ളം തന്നെ ഓവുചാലുകളിലും ടൗണിന് സമീപത്തെ പറമ്പുകളിലും കെട്ടിക്കിടക്കുകയാണ്. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ 20ഓളം വീടുകളിലെ കിണര്‍ മലിനമായിരിക്കയാണ്. മാസങ്ങളായി ഇത് ഉപയോഗിക്കാനാവാത്ത സാഹചര്യമാണുള്ളത്. പലരും ബന്ധുവീടുകളില്‍നിന്നും മറ്റുമാണ് വെള്ളം എത്തിക്കുന്നത്. ഉറവിട മാലിന്യ നിര്‍മാര്‍ജനത്തിന്‍െറ മറവില്‍ മാലിന്യനിര്‍മാജനത്തില്‍നിന്ന് നഗരസഭ പിന്‍വാങ്ങിയതോടെ ടൗണിലെ കച്ചവടക്കാരുള്‍പ്പെടെയുള്ളവര്‍ അനുഭവിക്കുന്ന പ്രയാസം ഏറെയാണ്. സംസ്കരണത്തിന് സ്വയം മാര്‍ഗം കണ്ടത്തൊനാവാത്ത സ്ഥാപനങ്ങളില്‍നിന്നും ഒഴിവാക്കുന്ന പ്ളാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ രാത്രി ഓവുചാലുകളില്‍ നിക്ഷേപിക്കുന്നതായി ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലാണ് മലിനജലത്തിന്‍െറ ഒഴുക്ക് നിലക്കുന്നത്. കൊതുകുകളും മറ്റും പെരുകുന്നു. തെരഞ്ഞെടുപ്പ് അടുത്തവേളയില്‍ മഴപെയ്തുണ്ടായ ദുരിതം രാഷ്ട്രീയകക്ഷികള്‍ക്കും തലവേദനയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.