അക്രമികളെ അടിച്ചുവീഴ്ത്താന്‍ പെണ്‍പട

കോഴിക്കോട്: കഴുത്തില്‍ കത്തി ചേര്‍ത്തുവെച്ച് അക്രമത്തിനൊരുങ്ങിയ യുവാവിനെ നിമിഷാര്‍ധംകൊണ്ട് തൂക്കി തറയിലടിച്ചും മാല പൊട്ടിക്കാന്‍ ശ്രമിച്ചയാളെ പൂട്ടിട്ട് വീഴ്ത്തിയും കൈയടി നേടി ഒരുകൂട്ടം പെണ്‍കൊടികള്‍. വര്‍ധിച്ചുവരുന്ന പൂവാല ശല്യത്തില്‍നിന്നും ബൈക്കില്‍ വന്ന് മാല പൊട്ടിക്കുന്നവരില്‍നിന്നും മറ്റ് അക്രമികളില്‍നിന്നും സ്വയം രക്ഷിക്കാന്‍ വനിതാ പൊലീസിന്‍െറ നേതൃത്വത്തില്‍ നടന്ന മാര്‍ഷ്യല്‍ ആര്‍ട്സ് ക്യാമ്പിലാണ് സിനിമയിലെ സംഘട്ടന രംഗങ്ങളെ വെല്ലുന്ന കായികമുറകള്‍ അരങ്ങേറിയത്. ക്യാമ്പിന്‍െറ സമാപന ദിനമായ ശനിയാഴ്ച നടത്തിയ ടെസ്റ്റില്‍ മുഴുവന്‍ വനിതകളും നൂറില്‍ നൂറ് മാര്‍ക്ക് നേടി. 16 വനിതാ പൊലീസുകാര്‍, 12 കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ കോളജുകളിലെ വിദ്യാര്‍ഥിനികള്‍ എന്നിവരടങ്ങുന്ന നൂറോളം വനിതകളുടെ ആദ്യ മാസ്റ്റേഴ്സ് ബാച്ച് പുറത്തിറങ്ങി. നഗരപരിധിയിലെ മറ്റ് വനിതകള്‍ക്ക് ഇനി ഇവര്‍ പരിശീലനം നല്‍കും. സംസ്ഥാന സര്‍ക്കാറിന്‍െറ നിര്‍ഭയ പദ്ധതി പ്രകാരം വനിതാ പൊലീസ് സംഘടിപ്പിച്ചതാണ് ഒരാഴ്ചത്തെ പരിശീലന ക്യാമ്പ്. വിവിധ ആയോധന കലകളില്‍ പ്രാവീണ്യം നേടിയ ആദ്യ ബാച്ചുകാരുടെ നേതൃത്വത്തില്‍ 20,000 വനിതകള്‍ക്ക് സ്വയംപ്രതിരോധ പരിശീലനം നല്‍കുന്നതാണ് പദ്ധതി. കുടുംബശ്രീ പ്രവര്‍ത്തകര്‍, റെസിഡന്‍റ്സ് അസോസിയേഷനുകളിലെ വനിതകള്‍, വിദ്യാര്‍ഥിനികള്‍, വീട്ടമ്മമാര്‍ തുടങ്ങി താല്‍പര്യമുള്ളവര്‍ക്കെല്ലാം ആദ്യ ബാച്ചുകാര്‍ പരിശീലനം നല്‍കും. ഐ.ആര്‍ ബറ്റാലിയനിലെ കമാന്‍ഡോയായ സബ് ഇന്‍സ്പെക്ടര്‍ അജിത്ത്, കോഴിക്കോട് എ.ആര്‍ ക്യാമ്പില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറും കരാട്ടേയില്‍ ഫിഫ്ത് ഡാനുമായ കെ.വി. പുഷ്പരാജന്‍, വനിതാ പൊലീസുകാരായ ഷീബ, പ്രേമ എന്നിവരാണ് വനിതകളെ പരിശീലിപ്പിച്ചത്. വനിതാ സി.ഐ ഷാന്‍റി സിറിയക്കിന്‍െറ നേതൃത്വത്തിലായിരുന്നു ക്യാമ്പ്്. ശനിയാഴ്ച വൈകീട്ട് നടന്ന സമാപനം സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍ ഉദ്ഘാടനം ചെയ്തു. വനിതാ സി.ഐ ഷാന്‍റി സിറിയക് അധ്യക്ഷത വഹിച്ചു. അസി. കമീഷണര്‍മാരായ ജോസി ചെറിയാന്‍, സി. അരവിന്ദാക്ഷന്‍, കസബ സി.ഐ ഇ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.