സി.ആര്‍.സി കെട്ടിടത്തിന് 19 കോടി

കോഴിക്കോട്: ചേവായൂര്‍ ചര്‍മരോഗാശുപത്രി വളപ്പില്‍ ആരംഭിക്കുന്ന ‘കോംപൊസിറ്റ് റീജനല്‍ സെന്‍റര്‍ ഫോര്‍ പേഴ്സന്‍സ് വിത്ത് ഡിസെബിലിറ്റീസ്’ കെട്ടിടനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ 19 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര സാമൂഹികനീതി മന്ത്രി ടി.സി. ഗെലോട്ട്. ദേശീയ ഭിന്നശേഷിവിഭാഗ ശാക്തീകരണകേന്ദ്രത്തിന്‍െറ (എന്‍.ഐ.ഇ.പി.എം.ഡി) നേതൃത്വത്തില്‍ സ്വപ്നനഗരിയില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണവിതരണ മെഗാക്യാമ്പിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സി.ആര്‍.സി വികസിപ്പിക്കുന്നതിനും നിലവിലെ സ്കൂള്‍ സൗകര്യങ്ങളടക്കമുള്ളവ വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കായി വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി അടുത്തവര്‍ഷം തിരുവനന്തപുരത്ത് നാഷനല്‍ യൂനിവേഴ്സിറ്റി ഫോര്‍ ഡിസെബിലിറ്റി സയന്‍സ് ആന്‍ഡ് റിസര്‍ച് എന്നപേരില്‍ കേന്ദ്ര യൂനിവേഴ്സിറ്റി തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായതായും മന്ത്രി പറഞ്ഞു. ഇതിനായി തിരുവനന്തപുരത്തെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച് ആന്‍ഡ് ഹിയറിങ് (നിഷ്) കേന്ദ്രത്തിന് കൈമാറാനും തീരുമാനമായിട്ടുണ്ട്. രാജ്യത്തൊട്ടാകെയുള്ള ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക തിരിച്ചറിയല്‍കാര്‍ഡ് നല്‍കുന്ന പദ്ധതി ഉടന്‍ നടപ്പാക്കും. കേരളത്തില്‍ കേള്‍വിശക്തിയില്ലാത്തവര്‍ക്കായി നടത്തിയ കോക്ളിയര്‍ ഇംപ്ളാന്‍േറഷന്‍ ശസ്ത്രക്രിയ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ കെട്ടിടങ്ങളെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനുള്ള ‘സുഗമ്യ ഭാരത് അഭിയാന്‍’ കാമ്പയിന്‍ ലോക ഭിന്നശേഷിദിനമായ ഡിസംബര്‍ മൂന്നിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി സംവരണം ഭിന്നശേഷിക്കാര്‍ക്ക് മൂന്നു ശതമാനത്തില്‍നിന്ന് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.കെ. രാഘവന്‍ എം.പി അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. എം.കെ. മുനീര്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, കേന്ദ്ര സാമൂഹികനീതി സെക്രട്ടറി ലോവ് വര്‍മ, ജോയന്‍റ് സെക്രട്ടറി അവനിഷ് കെ. അവസ്തി, സി.ആര്‍.സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പി. രഘുനാഥ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 3700ലധികം ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതാണ് കേന്ദ്രസര്‍ക്കാറിന്‍െറ സാമാജിക് അധികാരിത ഷിവിറിന്‍െറ ഭാഗമായുള്ള ത്രിദിന മെഗാക്യാമ്പ്. അലിംകോ എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഉപകരണങ്ങള്‍ നല്‍കുന്നത്. മുച്ചക്രവാഹനങ്ങള്‍, വീല്‍ചെയറുകള്‍, കൃത്രിമ അവയവങ്ങള്‍, സ്മാര്‍ട് കെയ്ന്‍, ഡെയ്സി പ്ളെയര്‍, സീഡി പ്ളെയര്‍, ബ്രെയിലി കിറ്റ്, കേള്‍വിസഹായികള്‍, പഠനസഹായികള്‍ തുടങ്ങി നിരവധി ഉപകരണങ്ങളാണ് വിതരണംചെയ്തത്. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് സ്വാഗതവും എന്‍.ഐ.ഇ.പി.എം.ഡി ഡയറക്ടര്‍ ഡോ. ഹിമാന്‍ഷുദാസ് നന്ദിയും പറഞ്ഞു.കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി താലൂക്കുകളില്‍നിന്നുള്ളവരാണ് ഞായറാഴ്ച സഹായ ഉപകരണങ്ങള്‍ കൈപ്പറ്റിയത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ക്യാമ്പ് തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.