കുഞ്ഞിപ്പുരമുക്ക് അപകടം: നാട്ടുകാര്‍ സംസ്ഥാനപാത ഉപരോധിച്ചു

നാദാപുരം: നാദാപുരം-പെരിങ്ങത്തൂര്‍ സംസ്ഥാനപാതയില്‍ ബസിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചതിനെ തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ സംസ്ഥാനപാത ഉപരോധിച്ചു. ശനിയാഴ്ച ഉച്ച രണ്ടു മണിക്കടുത്ത് നടന്ന അപകടത്തില്‍ മുടവന്തേരി തയ്യുള്ളതില്‍ യൂസുഫാണ് (48) മരിച്ചത്. തലശ്ശേരിയില്‍നിന്ന് തൊട്ടില്‍പാലത്തേക്ക് പോവുകയായിരുന്ന മദീന ബസുമായാണ് യൂസുഫ് ഓടിച്ച ബൈക്ക് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംസ്ഥാനപാത ഉപരോധിച്ചു. തലശ്ശേരി-നാദാപുരം ഭാഗത്തേക്ക് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. സംസ്ഥാനപാതയില്‍ സ്ഥിരമായി നടക്കുന്ന വാഹനാപകടം ജീവന് ഭീഷണിയായിട്ടും അധികൃതര്‍ നിരുത്തരവാദിത്ത സമീപനം സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ റോഡിലിറങ്ങിയത്. സംസ്ഥാനപാതയില്‍ കുഞ്ഞിപ്പുരമുക്കില്‍ ഇരുഭാഗത്തും റോഡില്‍ വരമ്പുകള്‍ സ്ഥാപിച്ച് വേഗത നിയന്ത്രിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടത്. ഇവിടെ മുടവന്തേരി ഭാഗത്തെ പ്രധാനമന്ത്രി സഡക് യോജന സ്കീമില്‍ ഉള്‍പ്പെടുത്തി എട്ടു മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മാണം അന്തിമഘട്ടത്തിലാണ്. സംസ്ഥാനപാതവഴി വരുന്ന ചെറുവാഹനങ്ങള്‍ ഈ റോഡിലേക്ക് പെട്ടെന്ന് തിരിയുമ്പോഴാണ് അപകടം സംഭവിക്കുന്നത്. ചെറിയ വളവുള്ള ഭാഗമായതിനാല്‍ റോഡില്‍നിന്ന് പോക്കറ്റ് റോഡിലേക്ക് തിരിയുന്ന വാഹനങ്ങളെ സംസ്ഥാനപാതവഴി വേഗത്തില്‍വരുന്ന വാഹനങ്ങള്‍ക്ക് കാണാന്‍ കഴിയാത്തതാണ് അപകടം വരുത്തിവെക്കുന്നത്. ഇതേറോഡില്‍ കഴിഞ്ഞമാസം 22ന് സ്കൂട്ടറിടിച്ച് വൃദ്ധന്‍ മരിച്ചിരുന്നു. കാറിടിച്ച് ബൈക്ക് യാത്രികനും മരിച്ചു. കണ്ണൂര്‍ വിമാനത്താവള റോഡായി പ്രഖ്യാപിച്ച് നാദാപുരം മുതല്‍ പെരിങ്ങത്തൂര്‍ റോഡ് വരെയുള്ള 10 കി.മീറ്റര്‍ നീളത്തില്‍ റോഡ് വീതികൂട്ടി വികസിപ്പിച്ചതോടെ ഇതുവഴി ബസടക്കമുള്ള വാഹനങ്ങള്‍ അമിതവേഗത്തിലാണ് കടന്നുപോകുന്നത്. എവിടെയും വേഗത നിയന്ത്രണ സംവിധാനങ്ങളോ കാമറകളോ ഇല്ലാത്തതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് ആരെയും പേടിക്കാനുമില്ല. ട്രാഫിക് പൊലീസും 10 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ എവിടെയുമില്ല. വല്ലപ്പോഴും കായപ്പനച്ചിഭാഗത്ത് കണ്‍ട്രോള്‍ റൂം പൊലീസ് പട്രോളിങ് നടത്തുമെന്നുമാത്രം. ബൈക്കുകാരെയും മദ്യക്കടത്തും ഉന്നംവെച്ചുമാത്രമാണ് ഇവരുടെ പ്രവര്‍ത്തനമെന്നും പരാതിയുണ്ട്. ശനിയാഴ്ച സംസ്ഥാനപാത ഉപരോധിച്ചവരെ നാദാപുരം സി.ഐ സുനില്‍കുമാര്‍, തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍.കെ. സാറ എന്നിവരുടെ നേതൃത്വത്തിലാണ് ശാന്തരാക്കിയത്. റോഡില്‍ ഗതാഗതനിയന്ത്രണത്തിന് സംവിധാനമുണ്ടാക്കുമെന്നും വാഹനങ്ങളുടെ മരണപ്പാച്ചിലിനെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. അപകടംവരുത്തിയ ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അപകടത്തിനുശേഷം ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു. അപകടംവരുത്തിയ ബസ് പിന്നീട് നാദാപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT