ജോലിസ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കണം –ജില്ലാ വികസനസമിതി

കോഴിക്കോട്: തളിക്ഷേത്രത്തിനടുത്ത് കണ്ടംകുളം ജങ്ഷനില്‍ മാന്‍ഹോളിലെ അറ്റകുറ്റപ്പണിക്കിടെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളും രക്ഷിക്കാനിറങ്ങിയ യുവാവും മരിക്കാനിടയായ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ ജോലിസ്ഥലങ്ങളില്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ വികസനസമിതി. കെ. ദാസന്‍ എം.എല്‍.എയാണ് പ്രമേയത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്. ജില്ലാ ഭരണകൂടത്തിന്‍െറ നിയന്ത്രണത്തില്‍ ഇതിനായി സംവിധാനം രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു. നടക്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഷാജിയുടെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ കലക്ടര്‍ ഇടപെടണമെന്ന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നാദാപുരം മേഖലയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇ.കെ. വിജയന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഏറെ തിരക്കുള്ള മുട്ടുമ്മല്‍-നാദാപുരം റോഡ്, വളയം-ചുഴലി റോഡ്, പുതിയങ്ങാടി-ഇരിങ്ങണ്ണൂര്‍ റോഡ്, തൊട്ടില്‍പ്പാലം-കുണ്ടുതോട് റോഡ് എന്നിവയടക്കം പൂര്‍ണമായി തകര്‍ന്ന് വാഹനഗതാഗതം ഏറെക്കുറെ അസാധ്യമായ സ്ഥിതിയിലാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പുഴ കരകവിഞ്ഞൊഴുകുന്നതുകാരണം കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി, പന്നിക്കോട് പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി വെള്ളത്തിനടിയിലാവുന്നതായി എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിനിധി മോയന്‍ കൊളക്കാടന്‍ ചൂണ്ടിക്കാട്ടി. കവണക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ ചീപ് താഴ്ത്തുന്നതുമൂലമാണ് വേനലിലും വെള്ളംകയറുന്നത്. നെല്ലും നാണ്യവിളകളും കൃഷിചെയ്തുവന്നിരുന്ന പ്രദേശം ഇതുമൂലം ഉപയോഗിക്കാനാവാതെ കിടക്കുകയാണെന്നും ഇവിടേക്ക് വെള്ളമത്തെുന്നത് തടയാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയോരമേഖലയിലെ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുവിധം മുന്നറിയിപ്പില്ലാതെ ട്രിപ്പുകളും സര്‍വിസുകളും നിര്‍ത്തലാക്കുന്ന നടപടി കെ.എസ്.ആര്‍.ടി.സി ഉപേക്ഷിക്കണമെന്ന് സി. മോയിന്‍ കുട്ടി എം.എല്‍.എ പറഞ്ഞു. വേനല്‍വരുന്നതിനുമുമ്പ് പദ്ധതി പ്രദേശങ്ങളിലെല്ലാം ജപ്പാന്‍ കുടിവെള്ള പദ്ധതി വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി ആവശ്യപ്പെട്ടു. വരള്‍ച്ച നേരിടുന്നതിന് സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചതായി കലക്ടര്‍ അറിയിച്ചു. പട്ടികവര്‍ഗ കോളനികളിലെ പ്രമോട്ടര്‍മാരുടെ സേവനം തൃപ്തികരമല്ളെന്നും അത് ശരിയാംവിധം ലഭ്യമാവുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസറോട് കലക്ടര്‍ ആവശ്യപ്പെട്ടു. പാതയോരങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് അവയുടെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കൊയിലാണ്ടി വാട്ടര്‍ അതോറിറ്റി സബ്ഡിവിഷന്‍ ഓഫിസില്‍ അസി.എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ തസ്തിക നികത്തുക, തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനെതിരെ നടപടിയെടുക്കുക, കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജക്ടിന്‍െറ ബ്രാഞ്ച് കനാലുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുക, ശ്രീനഗറില്‍ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട സൈനികന്‍ സുബിനേഷിന്‍െറ സ്മരണക്ക് ജന്മനാടായ ചേലിയയില്‍ സ്മാരകം നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളും വിവിധ പ്രമേയങ്ങളിലൂടെ ഉന്നയിച്ചു. എം.എല്‍.എമാരായ പി.ടി.എ. റഹീം, കെ.കെ. ലതിക, സി.കെ. നാണു, മന്ത്രി ഡോ. എം.കെ. മുനീറിന്‍െറ പ്രതിനിധി കെ. മൊയ്തീന്‍ കോയ, എം.കെ. രാഘവന്‍ എം.പിയുടെ പ്രതിനിധി എ. അരവിന്ദന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ എം. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.