സമാന ദുരന്തം 1995ലും; ഞെട്ടല്‍ മാറാതെ കോഴിക്കോട്

കോഴിക്കോട്: മാന്‍ഹോളില്‍ സുരക്ഷാസംവിധാനങ്ങളില്ലാതെ ഇറങ്ങിയ മൂന്നുപേര്‍ മരിച്ച സംഭവം കോഴിക്കോട്ടുകാരെ 20 വര്‍ഷം മുമ്പത്തെ മറ്റൊരു ദുരന്തം ഓര്‍മിപ്പിക്കുന്നു. 1995 ജൂണ്‍ 23ന് മാവൂരിലായിരുന്നു നാടിനെ ഞെട്ടിച്ച ദുരന്തം. അന്നും മൂന്നു പേരാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ മലിനജലക്കുഴലിലെ അറ്റകുറ്റപ്പണിക്കിടെയായിരുന്നു അപകടം. ചുങ്കപ്പള്ളിയില്‍നിന്ന് ചാലിയാറിലേക്കൊഴുകുന്ന കുഴലിലെ കേടുവന്ന വാല്‍വ് നന്നാക്കുകയായിരുന്നു ഇവര്‍. മാവൂര്‍ സ്വദേശി പുലപ്പാടി ആലിക്കുട്ടി (45), മാവൂരിലെ കാഞ്ഞിരാണ്ടി മാമുക്കോയ (45), പാലക്കാട് സ്വദേശി അമ്പലപ്പാറ കടമ്പൂരിലെ ചത്തെല കുന്നുമ്മല്‍ രാമകൃഷ്ണന്‍ (42) എന്നിവരാണ് മരിച്ചത്. തലശ്ശേരി സ്വദേശി ടി. മോഹനന്‍ (42), കൊണ്ടോട്ടി മുതുവല്ലൂര്‍ ഹസൈന്‍ (40) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഊര്‍ക്കടവിലെ മുക്കത്ത് കുഞ്ഞഹമ്മദിന്‍െറ പറമ്പില്‍ സ്ഥാപിച്ച സേഫ്റ്റി വാല്‍വ് അടഞ്ഞതിനാല്‍ അത് അറ്റകുറ്റപ്പണി ചെയ്യാനത്തെിയതായിരുന്നു റയോണ്‍സിലെ സ്ഥിരം ജീവനക്കാരായ ഇവര്‍. സേഫ്റ്റി വാല്‍വിന് ചുറ്റും നിര്‍മിച്ച 15x20 വിസ്താരമുള്ള ചേംബറിലൂടെ ഇരുമ്പുകോണി വെച്ച് ഇറങ്ങുന്നതിനിടെ ഹൈഡ്രജന്‍ സള്‍ഫൈഡ് ശ്വസിച്ച് ആദ്യം മാമുക്കോയ ബോധംകെട്ട് വീഴുകയായിരുന്നു. തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയ രാമകൃഷ്ണന്‍, ആലിക്കുട്ടി എന്നിവരും കുഴലില്‍ കുടുങ്ങി. മാമുക്കോയ സംഭവസ്ഥലത്തും മറ്റു രണ്ടുപേര്‍ മെഡിക്കല്‍ കോളജില്‍വെച്ചുമാണ് മരിച്ചത്. മൃതദേഹം പുറത്തെടുക്കുമ്പോള്‍ സേഫ്റ്റി വാല്‍വില്‍ കറുത്തിരുണ്ട വിഷജലം നിറഞ്ഞുനിന്നിരുന്നു. വ്യാഴാഴ്ച കോഴിക്കോട്ട് സംഭവിച്ചപോലെ, സുരക്ഷാ മാസ്കോ ഓക്സിജനോ ഇല്ലാതെയാണ് തൊഴിലാളികള്‍ വിഷജലക്കുഴലില്‍ ഇറങ്ങിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT