ബസ് പണിമുടക്കില്‍ ജനം വലഞ്ഞു

പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലും പേരാമ്പ്ര ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സര്‍വിസ് നടത്തുന്ന റൂട്ടുകളിലും സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് യാത്രക്കാരെ വലച്ചു. ബസ് തൊഴിലാളി യൂനിയന്‍ നേതാക്കളുമായും ബസ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുമായും നാദാപുരം ഡിവൈ.എസ്.പി പ്രേംദാസ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. ബസ് ജീവനക്കാരനെ പേരാമ്പ്ര എസ്.ഐ ജീവന്‍ ജോര്‍ജ് അന്യായമായി അറസ്റ്റ് ചെയ്തെന്നാരോപിച്ചാണ് സംയുക്ത തൊഴിലാളി യൂനിയന്‍ ബുധനാഴ്ച അനിശ്ചിതകാല സമരം ആരംഭിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ചൊവ്വാഴ്ച 3.30 മുതല്‍ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. വടകര പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ എം.കെ. സുരേഷ് ബാബു, കെ.കെ. ഗോപാലന്‍ നമ്പ്യാര്‍, എ.സി. ബാബുരാജ്, ടി.കെ. ബീരാന്‍കോയ, പി.കെ. പവിത്രന്‍, പി. പരമേശ്വരന്‍, മീനത്ത് മൊയ്തു തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാല്‍, സംഭവം എസ്.പിയെ അറിയിക്കുമെന്നും സമഗ്ര അന്വേഷണം നടത്തുമെന്നുമുള്ള ഡിവൈ.എസ്.പിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്ന് തൊഴിലാളി യൂനിയന്‍ ഭാരവാഹികളായ പി. പരമേശ്വരന്‍, പി.കെ. റഹീം, കെ.കെ. അച്യുതന്‍, കെ.കെ. പ്രേമന്‍, കെ.ഇ. സേതുമാധവന്‍, വിനോദ് കുറ്റ്യാടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വകാര്യ ബസുകളുടെ സമരത്തെ തുടര്‍ന്ന് കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തി. എന്നാല്‍, പേരാമ്പ്രയില്‍നിന്ന് പെരുവണ്ണാമൂഴി, മേപ്പയൂര്‍, ചാനിയംകടവ്, കായണ്ണ, കൂരാച്ചുണ്ട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടു. വടകര റൂട്ടിലെ ബസുകള്‍ രാവിലെ സര്‍വിസ് നടത്താന്‍ ഒരുങ്ങിയെങ്കിലും പേരാമ്പ്രയില്‍ തൊഴിലാളികള്‍ തടയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT