മൊഞ്ചത്തിയാകും കോഴിക്കോട്

കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ സരോവരം ബയോപാര്‍ക്കിന്‍െറ മൂന്നാംഘട്ട വികസനപ്രവൃത്തികള്‍ക്കുള്ള പദ്ധതിരേഖ സമര്‍പ്പിച്ചു. ഇതുസംബന്ധിച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റിയുടെ അവലോകന യോഗം എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.ടി.പി.സി ഓഫിസില്‍ ചേര്‍ന്നു. ബയോപാര്‍ക്കിന്‍െറ വികസന സാധ്യതകള്‍ വിലയിരുത്താന്‍ ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ സംഘം ഈമാസം 16ന് പ്രദേശം സന്ദര്‍ശിച്ചിരുന്നു. അന്ന് മന്ത്രി നിര്‍ദേശിച്ചപ്രകാരമാണ് വിശദമായ പദ്ധതി സമര്‍പ്പിച്ചത്. പ്രധാന റോഡില്‍നിന്ന് അകത്തേക്ക് കയറാന്‍ നിലവിലുള്ള ചെറിയ പാലത്തിന് പകരം വീതിയുള്ള താല്‍ക്കാലിക പാലം, നിലവിലെ കെട്ടിടങ്ങളില്‍ റസ്റ്റാറന്‍റ്, പക്ഷി സങ്കേതം, കൂടുതല്‍ ലാന്‍ഡ്സ്കേപ്, കൂടുതല്‍ വഴിവിളക്കുകള്‍ തുടങ്ങിയവയാണ് പദ്ധതിനിര്‍ദേശങ്ങളില്‍ ചിലത്. നിലവില്‍ 98 ഏക്കര്‍ സ്ഥലമാണ് ബയോപാര്‍ക്കിനുവേണ്ടി അനുവദിച്ചത്. കോട്ടൂളി തണ്ണീര്‍ത്തടമുള്ള സ്ഥലമടക്കം മൊത്തം 248 ഏക്കര്‍ സ്ഥലം ഏറ്റെടുത്തുനല്‍കാനും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സരോവരത്തെ ആംഫി തിയറ്ററില്‍ കൂടുതല്‍ സര്‍ക്കാര്‍ പരിപാടികള്‍ നടത്താന്‍ നടപടിയെടുക്കണമെന്നും ഷെഡുകള്‍ നവീകരിക്കണമെന്നും പദ്ധതിനിര്‍ദേശത്തിലുണ്ട്. നടപ്പാതകളും കൈവരികളും നവീകരിക്കണം. കുടുംബയാത്രികരെക്കൂടി ആകര്‍ഷിക്കുന്ന തരത്തില്‍ ബോട്ട് സര്‍വിസ് സജീവമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡി.ടി.പി.സിയുടെ അനാസ്ഥ കാരണം സരോവരത്തിന്‍െറ തനത് ഫണ്ടുപോലും പരിപാലനത്തിന് ഉപയോഗിച്ചില്ളെന്ന് കഴിഞ്ഞ ദിവസം ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ എ. പ്രദീപ്കുമാര്‍ എം.എല്‍.എ മന്ത്രിയോട് പരാതിപ്പെട്ടിരുന്നു. പാര്‍ക്ക് സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറി. ബെഞ്ചുകളും നടപ്പാതകളും പലയിടത്തും തകര്‍ന്നു. ബോട്ടിങ് കൃത്യമായി നടക്കുന്നില്ല. സുരക്ഷാ സംവിധാനങ്ങളും അപര്യാപ്തമാണ്. സന്ദര്‍ശകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍പോലും വേണ്ടത്രയില്ല. പാര്‍ക്ക് മെച്ചപ്പെടുത്താന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി അനില്‍കുമാര്‍ എം.എല്‍.എയെ അറിയിച്ചു. പരിസ്ഥിതിസൗഹൃദമായാണ് വികസന പദ്ധതികള്‍ നടപ്പാക്കുക. ആവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്: സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി പുതിയഭാവത്തില്‍ സഞ്ചാരികള്‍ക്കായി ഭട്ട്റോഡ് ബീച്ച് ഒരുങ്ങുന്നു. കോഴിക്കോട് മുഖ്യ ബീച്ചിന്‍െറ തിരക്ക് നിറഞ്ഞ സാഹചര്യത്തില്‍നിന്ന് ഇനി വിശാലവും മനോഹരവുമായ സൗകര്യങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് കടന്നുവരാം. ഓപണ്‍ സ്റ്റേജ്, നടപ്പാത, ഇരിപ്പിടങ്ങള്‍, ടോയ്ലറ്റ്, കോഫി കഫേ, ചുറ്റുമതില്‍ എന്നീ സംവിധാനങ്ങളുമായാണ് ബീച്ച് ഒരുങ്ങുന്നത്. ഓപണ്‍ സ്റ്റേജും മുന്നിലെ ദീര്‍ഘവൃത്താകൃതിയിലുള്ള കുളവുമാണ് പ്രധാന ആകര്‍ഷണം. കലാസംഘങ്ങള്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാനും കാണികള്‍ക്ക് സുഗമമായി ഇത് ആസ്വദിക്കാനും സൗകര്യമുണ്ടാകും. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തികള്‍. ഇന്‍റര്‍ലോക്ക് കട്ടകള്‍ വിരിച്ചാണ് നടപ്പാത ഒരുക്കുന്നത്. ബീച്ചിന്‍െറ സൗന്ദര്യം തടസ്സപ്പെടുത്താതെ, എന്നാല്‍ കന്നുകാലികളുടെ പ്രവേശം തടയും വിധമാണ് ചുറ്റുമതില്‍ നിര്‍മിക്കുന്നത്. കരിങ്കല്ല് കലാപരമായി സംവിധാനിച്ചത് ബീച്ചിന് ഗൃഹാതുരപ്രതീതി നല്‍കും. ചുറ്റുമതിലില്‍ ചെടികള്‍ നട്ട് മനോഹരമാക്കും. ബീച്ചിന്‍െറ ഒരു ഭാഗത്ത് ഒരുക്കുന്ന പാര്‍ട്ടി സ്പേസില്‍ ചെറിയ വാടകക്ക് പരിപാടികള്‍ അവതരിപ്പിക്കാന്‍ സൗകര്യമുണ്ടാകും. ചതുരാകൃതിയിലുള്ള ബോക്സുകള്‍ ബീച്ചിന് ആധുനിക മുഖം നല്‍കും. ഒക്ടോബറില്‍ ആരംഭിച്ച പ്രവൃത്തി രണ്ടാഴ്ചകൊണ്ട് പൂര്‍ത്തിയായി, അടുത്ത മാസം ആദ്യത്തോടെ ബീച്ച് തുറന്നുകൊടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ, കോഴിക്കോട്ട് എത്തുന്നവരുടെ പ്രധാന സന്ദര്‍ശനകേന്ദ്രമായി ഭട്ട്റോഡ് ബീച്ച് മാറും. നടപ്പാതക്ക് 185 മീറ്റര്‍ നീളമുണ്ടാകും. രണ്ടാം ഘട്ടത്തില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് അടക്കമുള്ള സംവിധാനങ്ങളാണുണ്ടാവുക. ജനബാഹുല്യവും തിരക്കും കാരണം കുടുംബങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഇരിക്കാന്‍ പ്രയാസകരമായ രീതിയില്‍ മുഖ്യ ബീച്ച് മാറിയിട്ടുണ്ട്. കാലങ്ങളായി നവീകരണം നടത്താത്തതിനാല്‍ പല ഭാഗങ്ങളിലെയും നിര്‍മാണപ്രവൃത്തികള്‍ തകരുകയും ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT