നാദാപുരം ഗവ. കോളജ് കെട്ടിടനിര്‍മാണം തുടങ്ങിയില്ല

നാദാപുരം: നാദാപുരം സര്‍ക്കാര്‍ കോളജ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാണ്ട് പിന്നിട്ടിട്ടും കെട്ടിടമായില്ല. താല്‍ക്കാലിക കെട്ടിടത്തില്‍ ക്ളാസ് നടത്തുന്നതിന് കുട്ടികളും അധ്യാപകരും ബുദ്ധിമുട്ടുമ്പോഴും തെരുവന്‍പറമ്പിലെ കിണമ്പ്രകുന്നിലെ സ്വന്തംകെട്ടിടം പണിയുന്നതിന്‍െറ പ്രാരംഭപ്രവൃത്തിപോലും ആരംഭിച്ചില്ല. കിണമ്പ്രകുന്നില്‍ കോളജിനുവേണ്ടി രജിസ്റ്റര്‍ചെയ്ത അഞ്ചേക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. ഇതിന്‍െറ ശിലാസ്ഥാപനം കഴിഞ്ഞ ആഗസ്റ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വഹിച്ചത്. എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച അഞ്ചുകോടിരൂപ ഉപയോഗിച്ച് നിര്‍മാണപ്രവൃത്തി നടത്താനായിരുന്നു പദ്ധതി. ഇ.കെ. വിജയന്‍ എം.എല്‍.എയുടെ ആസ്തി ഫണ്ടില്‍നിന്ന് അനുവദിച്ചതുക ഇതുവരെ ലഭ്യമായിട്ടില്ല. കെട്ടിടനിര്‍മാണത്തിനായി തയാറാക്കിയ പ്ളാനിന് ഇതുവരെ അംഗീകാരം വാങ്ങാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കടലാസ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി എപ്പോള്‍ പ്രവൃത്തി തുടങ്ങാനാകുമെന്ന് അധികൃതര്‍ക്കുപോലും നിശ്ചയമില്ല. കെട്ടിടനിര്‍മാണത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയ സ്ഥലം കാടുമൂടി കിടക്കുകയാണിപ്പോള്‍. നീണ്ട കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ സര്‍ക്കാര്‍ കോളജ് രണ്ടുവര്‍ഷമായി വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യവര്‍ഷം വാണിമേല്‍ മദ്റസയില്‍ പ്രവര്‍ത്തിച്ച കോളജ് ഈ വര്‍ഷം മുതല്‍ വാണിമേല്‍ ദാറുല്‍ഹുദ അറബിക് കോളജ് കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളുടെ ബാഹുല്യം കാരണം ഓരോവര്‍ഷവും താല്‍ക്കാലിക കെട്ടിടം മാറേണ്ട അവസ്ഥയാണുള്ളത്. അസൗകര്യങ്ങള്‍ ഏറെയുള്ള താല്‍ക്കാലിക താവളത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും വീര്‍പ്പുമുട്ടിയാണ് കഴിയുന്നത്. കോളജിന് സ്ഥലം ലഭ്യമാക്കുന്നതിലും സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിലും തുടക്കത്തില്‍ പ്രകടിപ്പിച്ച ആവേശം കോളജിനുവേണ്ടി രൂപവത്കരിച്ച എം.എല്‍.എ ചെയര്‍മാനായ കമ്മിറ്റി ഇപ്പോള്‍ കാണിക്കുന്നില്ളെന്ന് പരാതിയുണ്ട്. കോളജിനുവേണ്ടി രണ്ടരയേക്കര്‍ സ്ഥലം സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കുകയായിരുന്നു. രണ്ടരയേക്കര്‍ ജനകീയ കമ്മിറ്റി പണം സ്വരൂപിച്ച് രജിസ്റ്റര്‍ചെയ്തും വാങ്ങി. അടുത്ത അധ്യയനവര്‍ഷമെങ്കിലും കോളജ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍കഴിയുന്ന തരത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കെട്ടിടനിര്‍മാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരത്തിനൊരുങ്ങുകയാണ്. ഇതിന്‍െറ തുടക്കമെന്ന നിലക്ക് ഒപ്പുശേഖരണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT