നടുവണ്ണൂരില്‍ ‘അസാധു’ പുകയുന്നു; സമഗ്ര അന്വേഷണം വേണമെന്ന് ലീഗ്

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ആറാം വാര്‍ഡ് മെംബറുടെ വോട്ട് അസാധുവായതിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. നടുവണ്ണൂരില്‍ ആറാം വാര്‍ഡ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് വിഭജന ചര്‍ച്ചയിലും ആറാം വാര്‍ഡായിരുന്നു ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്. ലീഗ് ആവശ്യപ്പെട്ട സീറ്റ് ഒടുവില്‍ കോണ്‍ഗ്രസിന് ലഭിക്കുകയായിരുന്നു. ലീഗില്‍ വിമതശബ്ദം വരെ ഇവിടെനിന്ന് ഉയര്‍ന്നു. എന്നാല്‍, ഇതെല്ലാം മാറ്റിവെച്ച് തെരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസും ഒന്നിച്ചുനിന്ന് വിജയം നേടി. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്ന തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. നറുക്കെടുപ്പിനുമുമ്പ് നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫ് വോട്ട് അസാധുവായതോടെ പ്രസിഡന്‍റ് സ്ഥാനം എല്‍.ഡി.എഫിന് ലഭിക്കുകയാ യിരുന്നു. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് മെംബറുടെ വോട്ട് വിവാദമായത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫ് നേതൃയോഗം വിളിച്ചില്ളെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം നടുവണ്ണൂര്‍ പഞ്ചായത്തില്‍ തുരുത്തിമുക്കില്‍ നടന്ന യു.ഡി.എഫ് മെംബര്‍മാരുടെ സ്വീകരണയോഗത്തില്‍ ആറാം വാര്‍ഡ് മെംബര്‍ പങ്കെടുത്തിരുന്നില്ല. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെതുടര്‍ന്നായിരുന്നു ഇത്. സ്വീകരണ യോഗത്തില്‍ യു.ഡി.എഫ് മെംബര്‍മാരായ അഷ്റഫ് മങ്ങര, കൃഷ്ണദാസ്, സി.പി. പ്രദീപന്‍, കെ.കെ. സൗദ, പി. സമീറ, ഗീത ചോലയില്‍, ലത നള്ളിയില്‍ എന്നിവര്‍ പങ്കെടുത്തു. പി.കെ.കെ. ബാവ യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. ഹാസിഫ് കേഴക്കണ്ടി അധ്യക്ഷത വഹിച്ചു. റഷീദ് വെങ്ങളം, പ്രേംഭാസില്‍ ഊരള്ളൂര്‍, സാജിദ് നടുവണ്ണൂര്‍, കെ. രാജീവന്‍, ടി. ഇബ്രാഹിംകുട്ടി മാസ്റ്റര്‍, മിഥുന്‍ ഹസന്‍, റഫീഖ് കണ്ണാട്ട്, ഷിജി കൊട്ടാരത്തില്‍, പി. സുധാകരന്‍ നമ്പീശന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT