കുരുവട്ടൂരില്‍ അജ്ഞാത ജീവിയുടെ ആക്രമണം

ചേളന്നൂര്‍: കുരുവട്ടൂരിലും സമീപപ്രദേശങ്ങളിലും വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കളോളിപ്പൊയില്‍ മുരളിയുടെ വീട്ടിലെ പക്ഷിക്കൂട് ജീവി തകര്‍ത്തു. വീട്ടിലെ കോഴിക്കൂട്ടില്‍നിന്ന് കോഴികളെ പിടികൂടാനും ജീവി ശ്രമിച്ചു. വീടിന്‍െറ ചുറ്റുപാടിലും പരിസരങ്ങളിലും വ്യക്തമായ രീതിയില്‍ ജീവിയുടെ കാല്‍പ്പാടുകള്‍ കാണുന്നുണ്ട്. പാലത്ത്, എരവന്നൂര്‍, കിഴക്കുംമുറി, കുമാരസ്വാമി ഭാഗങ്ങളില്‍ നേരത്തെ കണ്ട കാല്‍പാടിനോട് സാമ്യമുള്ളവതന്നെയാണ് ഇതും. ജീവിയെ പിടികൂടാനായി വനംവകുപ്പ് നേരത്തെ കൂട് സ്ഥാപിച്ചെങ്കിലും പിന്നീട് എടുത്തുമാറ്റുകയായിരുന്നു. കാല്‍പ്പാടുകള്‍ കാട്ടുപൂച്ചയുടേതോ കോക്കാംപൂച്ചയുടേതോ ആവാമെന്ന നിഗമനത്തിലുറച്ച് നില്‍ക്കുകയാണ് വനംവകുപ്പും. നാട്ടുകാരില്‍ ചിലര്‍ നേരത്തെ ജീവിയെ കണ്ടതായി പറഞ്ഞത് സംശയംകൂടാന്‍ കാരണമായി. തുടര്‍ന്ന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ചില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വന്ന് ജീവി പോയതായി സംശയിച്ച് കാട്ടില്‍ക്കയറി കാടിളക്കി പരിശോധന നടത്തിയിരുന്നു. രാത്രികാലങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതലെന്ന് പ്രദേശവാസികള്‍ പറയുന്നു. വീട്ടില്‍ വളര്‍ത്തുന്ന പക്ഷി മൃഗാദികള്‍ക്ക് നേരെയാണ് കൂടുതലായും ആക്രമണം നടത്തുന്നത്. നിരവധി കോഴികളെ ജീവി ഇതിനോടകം കൊന്നിട്ടുണ്ട്. ഒന്നരമാസത്തോളമായി ചേളന്നൂര്‍, കക്കോടി, കുരുവട്ടൂര്‍ ഭാഗങ്ങളില്‍ ജീവി ഭീതിപടര്‍ത്താന്‍ തുടങ്ങിയിട്ട്. വനംവകുപ്പ് പ്രശ്നം ഗൗരവത്തിലെടുത്ത് ജീവിയെ പിടികൂടാന്‍വേണ്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ളെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT