പൂക്കാട്ട്കടവ് ജലജന്യ രോഗ ഭീഷണിയില്‍

കൊടുവള്ളി: പൂനൂര്‍ പുഴയിലെ മാലിന്യ നിക്ഷേപം തടയാന്‍ നടപടിയില്ല. മാലിന്യം പ്ളാസ്റ്റിക് കവറുകളില്‍ നിറച്ച് തള്ളുന്നത് പതിവാക്കിയ വാവാട് പൂക്കാട്ട്കടവ് ജലജന്യരോഗ ഭീഷണിയിലാണ്. വീടുകളിലെ മാലിന്യങ്ങള്‍ ഒന്നടങ്കം പ്ളാസ്റ്റിക് കവറുകളിലാക്കി പുഴയില്‍ തള്ളുകയാണിവിടെ. ഇവ മഴ പെയ്യുന്നതോടെ അഴുകി വെള്ളത്തില്‍ കലരുന്നതിനാല്‍ പുഴയിലെ വെള്ളവും മലിനമാകും. സമീപ കടവുകളില്‍നിന്നും വ്യത്യസ്തമായി പൂക്കാട്ട്കടവില്‍ പുഴയിലും പുഴയോരത്തും മാലിന്യങ്ങള്‍ നിറഞ്ഞു. പുഴയിലേക്ക് വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ പുഴയില്‍ വീണ് കിടക്കുന്ന മരത്തില്‍ തങ്ങി അടിഞ്ഞുകൂടി. ഇതിന് സമീപത്തായാണ് 100ലേറെ കുടുംബങ്ങള്‍ക്ക് ആശ്രയമായ ജലനിധി കിണറുള്ളത്. സമീപ പ്രദേശങ്ങളില്‍നിന്നടക്കം വാഹനങ്ങളില്‍ കൊണ്ടുവന്ന് പുഴയിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നതായി പരിസരവാസികള്‍ പറയുന്നു. നേരത്തേ പുഴ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പുഴയോരത്തെ മാലിന്യങ്ങള്‍ നീക്കംചെയ്ത് വൃത്തിയാക്കിയിരുന്നു. പുഴയിലും പുഴയോരത്തും കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ കഴിയാത്ത വിധത്തിലാണ് ഇപ്പോള്‍ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT