നാദാപുരം: എം.ഇ.ടി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ വെള്ളിയാഴ്ച ഉച്ചക്ക് നടന്ന സ്ഫോടനം പടക്കമേറാണെന്ന് പൊലീസ്. ഇതുസംബന്ധമായ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ളെന്നും നാദാപുരം സി.ഐ എന്‍. സുനില്‍കുമാര്‍ അറിയിച്ചു. ഏറുപടക്കം പൊട്ടിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് പരിശോധനയില്‍ മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ക്ളാസ് സമയത്താണ് കാമ്പസിന് പുറത്തെ പാര്‍ക്കിങ് ഏരിയക്കടുത്ത് സ്ഫോടനം നടന്നത്. ഇതിനുശേഷം രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെട്ടതായും പരിസരവാസികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. സ്ഫോടകവസ്തു പുറത്തുനിന്ന് വലിച്ചെറിയാന്‍ കഴിയില്ല. റോഡില്‍ വളരെ ഉയര്‍ന്നഭാഗത്താണ് സ്ഫോടനം നടന്നത്.കോളജില്‍ കഴിഞ്ഞമാസം നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് മൂന്ന വിദ്യാര്‍ഥികളെ പുറത്താക്കുകയും നാലുപേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവവുമായി സ്ഫോടനത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.വിദ്യാര്‍ഥികളുടെ ബൈക്കുകള്‍ കോളജ് കാമ്പസില്‍ കൊണ്ടുവരുന്നതിന് വിലക്കുള്ളതിനാല്‍ കാമ്പസിന് പുറത്തെ പാര്‍ക്കിങ് ഏരിയയിലാണ് ബൈക്കുകള്‍ നിര്‍ത്താറ്. ഈ ഭാഗത്തുനിന്നാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് സംശയമുണ്ട്. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന കോളജിനെ അപകീര്‍ത്തിപ്പെടുത്താനും വിദ്യാര്‍ഥികളെയും പരിസരവാസികളെയും പ്രകോപിപ്പിക്കാനും ഉദ്ദേശിച്ചാണ് എം.ഇ.ടി കോളജ് കാമ്പസില്‍ സ്ഫോടനം നടത്തിയതെന്ന് കോളജ് മാനേജിങ് കമ്മിറ്റി ആരോപിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ട്രസ്റ്റ് ചെയര്‍മാന്‍ ഇ.പി. അബൂബക്കര്‍ ഹാജി, കോളജ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ഇബ്രാഹീം എന്നിവര്‍ ആവശ്യപ്പെട്ടു. കോളജിനുനേരെ നടന്ന സ്ഫോടനത്തില്‍ വടകര താലൂക്ക് സെല്‍ഫ് ഫിനാന്‍സിങ് കോളജ് അസോസിയേഷന്‍ യോഗം പ്രതിഷേധിച്ചു. പ്രഫ. കെ.കെ. മഹമൂദ് അധ്യക്ഷത വഹിച്ചു. പ്രഫ. ഇ.കെ. അഹ്മദ്, വരയാലില്‍ മൊയ്തുഹാജി, സി.കെ. ഇബ്രാഹീം, സി. പാര്‍ഥന്‍, അഡ്വ. വത്സന്‍, കുഞ്ഞബ്ദുല്ല മാസ്റ്റര്‍ കുറ്റ്യാടി, വയലോളി അബ്ദുല്ല, മരുന്നോളി കുഞ്ഞബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.