താമരശ്ശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വെള്ളിയാഴ്ചയും നടന്നില്ല. രാവിലെ 11 മണിക്ക് റിട്ടേണിങ് ഓഫിസര്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ തടസ്സവാദം ഉന്നയിച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടക്കാതെ പോയത്. വ്യാഴാഴ്ച ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ എല്‍.ഡി.എഫിലെ 12 അംഗങ്ങളും പങ്കെടുത്തിരുന്നു. എന്നാല്‍, പട്ടികജാതി സംവരണമായ പ്രസിഡന്‍റുപദത്തിലേക്ക് ആ വിഭാഗത്തില്‍പെട്ട ആരുംതന്നെ എത്താതിരുന്നതിനാലാണ് തെരഞ്ഞെടുപ്പ് നടക്കാതെ പോയത്. ആദ്യയോഗത്തില്‍ ക്വോറം തികയാതെ വന്നാല്‍ തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് വ്യവസ്ഥ. വ്യാഴാഴ്ച ഭരണസമിതി യോഗത്തില്‍ ക്വോറം തികഞ്ഞതുകൊണ്ട് ഈ വ്യവസ്ഥ ബാധകമല്ല എന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ തടസ്സവാദം ഉന്നയിക്കുകയായിരുന്നു. മാത്രവുമല്ല പ്രഥമ യോഗം നടന്ന സ്ഥിതിക്ക് അടുത്ത യോഗം സംബന്ധിച്ച് അംഗങ്ങളെ രേഖാമൂലം അറിയിക്കേണ്ടതാണെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ നടപടിക്രമങ്ങള്‍ സ്തംഭിച്ചു. തുടര്‍ന്ന് റിട്ടേണിങ് ഓഫിസര്‍ സംസ്ഥാന ഇലക്ഷന്‍ കമീഷനുമായി ബന്ധപ്പെടുകയും അംഗങ്ങളെ രേഖാമൂലം അറിയിച്ച് 30ന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് അറിയിച്ചു. ഭരണസ്തംഭനം ഒഴിവാക്കാന്‍ ഭരണസമിതിയിലെ സീനിയര്‍ മെംബര്‍ എന്നനിലയില്‍ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കുട്ടിയമ്മ മാണിക്ക് താല്‍ക്കാലിക ചുമതല നല്‍കി യോഗം പിരിച്ചുവിടുകയും ചെയ്തു. 21 അംഗ ഭരണസമിതിയില്‍ 12 സീറ്റുകള്‍ നേടി എല്‍.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡന്‍റുപദത്തിലേക്ക് മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ എല്‍.ഡി.എഫ് പാനലില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. അതേസമയം ഏഴ് അംഗങ്ങളുള്ള യു.ഡി.എഫ് പാനലില്‍ മൂന്ന് എസ്.സി അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ലീഗിലെ നന്ദകുമാര്‍, കോണ്‍ഗ്രസിലെ അംബിക മംഗലത്ത്, ജയശ്രീ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട എസ്.സി അംഗങ്ങള്‍. പ്രസിഡന്‍റുപദം വീതംവെക്കുന്നതില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ ധാരണയിലത്തൊതിരുന്നതിനെ തുടര്‍ന്നാണ് ആദ്യയോഗത്തില്‍നിന്ന് യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നത്. ഇന്നലെ കോണ്‍ഗ്രസിലെ അംബിക മംഗലത്തിനെ സ്ഥാനാര്‍ഥിയാക്കി ആഘോഷപൂര്‍വം യു.ഡി.എഫ് പ്രവര്‍ത്തകര്‍ എത്തിയെങ്കിലും എല്‍.ഡി.എഫ് ഉന്നയിച്ച തടസ്സവാദങ്ങളില്‍ കുടുങ്ങി തെരഞ്ഞെടുപ്പ് വീണ്ടും മാറ്റിവെക്കേണ്ടിവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.