മേയറും ഡെപ്യൂട്ടി മേയറും ഇന്ന് ചുമതലയേല്‍ക്കും

കോഴിക്കോട്: കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് മുന്‍ എം.എല്‍.എ വി.കെ.സി. മമ്മദ്കോയയുടെ പേരാണ് സി.പി.എം നിര്‍ദേശിക്കുകയെന്ന് ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മീരാദര്‍ശകിന്‍െറ പേരുവന്നത് അപ്രതീക്ഷിത നീക്കത്തിലൂടെ. മുന്‍ മേയറും പാര്‍ട്ടി സൗത് ഏരിയാ കമ്മിറ്റിയംഗവും വനിതാ സംവരണം വരുന്നതിനുമുമ്പുതന്നെ ജില്ലാ കൗണ്‍സിലംഗവുമായിരുന്ന എം.എം. പത്മാവതി, സഹകരണ വകുപ്പ് ജോ. രജിസ്ട്രാറായി വിരമിച്ച ടി.വി. ലളിതപ്രഭ എന്നിവരുടെ പേരാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ലളിതപ്രഭ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.പി. ദാസന്‍െറയും പത്മാവതി ജില്ലാ കമ്മിറ്റിയംഗം പി.ടി. രാജന്‍െയും ഭാര്യയാണ്. ബന്ധുബലത്തില്‍ സ്ഥാനങ്ങള്‍ ലഭിക്കുന്നുവെന്ന പേരുദോഷം ഒഴിവാക്കാനും പുതിയമുഖങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും കഴിയണമെന്ന ചര്‍ച്ചക്കൊടുവിലാണ് ജില്ലാ കമ്മിറ്റിയില്‍ മൂന്നാമതൊരാളുടെ പേര് പരിഗണിക്കണമെന്ന് തീരുമാനം വന്നത്. തുടര്‍ന്നാണ് മറ്റു പേരുകള്‍ക്കൊപ്പം മീരയുടെ പേരു വന്നത്. കഴിഞ്ഞതവണ ധനകാര്യ സ്ഥിരംസമിതി അംഗമായിരുന്നപ്പോള്‍ നടത്തിയ പ്രവര്‍ത്തനവും ബജറ്റ് അവതരിപ്പിക്കേണ്ട ധനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സന്‍കൂടിയായ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ മീരക്ക് തുണയായി. സി.പി.എം ലോക്കല്‍ കമ്മറ്റിയംഗമാണ് കോവൂരില്‍ നിന്ന് 942 വോട്ടിന് ജയിച്ച മീര. മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനൊപ്പം മറ്റൊരു മുന്‍ മേയറായ പത്മാവതിയും കൗണ്‍സിലില്‍ പ്രത്യേക ചുമതലയില്ലാത്ത അംഗമായി തുടരണമെന്നാണ് പാര്‍ട്ടി തീരുമാനം. രാവിലെ 11ന് മേയര്‍ തെരഞ്ഞെടുപ്പും ഉച്ചക്ക് രണ്ടിന് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പും നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.