നാദാപുരം ലീഗ് ഹൗസിന് മുന്നില്‍ സംഘര്‍ഷം

നാദാപുരം: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പദവിയെച്ചൊല്ലി ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗിലെ പോര് തെരുവുയുദ്ധമായി. നാദാപുരം ലീഗ് ഹൗസിന് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ മണ്ഡലം മുസ്ലിം ലീഗ് നേതാക്കളെ ഉള്‍പ്പെടെ ഏറെനേരം ബന്ദികളാക്കി. വൈകീട്ട് നാലിന് ലീഗ് ഹൗസിനുള്ളില്‍ കുടുങ്ങിയ നേതാക്കളെ രാത്രി 10 വരെ തടഞ്ഞുവെച്ചു. നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകരുടെ രോഷം അണപൊട്ടിയൊഴുകിയപ്പോള്‍ ലീഗ് ഹൗസിനു മുന്നില്‍ സംസ്ഥാന പാതയില്‍ ഗതാഗതക്കുരുക്കുമുണ്ടായി. നാദാപുരം കണ്‍ട്രോള്‍ റൂം പൊലീസ് സ്ഥലത്തത്തെിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മൂന്നുപേരുടെ പേരുകളാണ് നിര്‍ദേശിക്കപ്പെട്ടത്. തൊടുവയില്‍ മഹമൂദ്, ബി.പി. മൂസ, കുറുവയില്‍ അഹ്മദ് എന്നിവര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തകരില്‍നിന്ന് ആവശ്യമുയര്‍ന്നത്. ഇവരില്‍ തൊടുവയില്‍ മഹമൂദിനെയാണ് ഭൂരിഭാഗം വാര്‍ഡ് അംഗങ്ങളും പ്രവര്‍ത്തകരും അനുകൂലിക്കുന്നതത്രെ. ചെക്യാട് പഞ്ചായത്തില്‍ മുസ്ലിം ലീഗിന് ഒമ്പത് അംഗങ്ങളാണുള്ളത്. ഇവരില്‍ ഏഴു പേരും മഹമൂദിനെ പ്രസിഡന്‍റാക്കണമെന്ന ആവശ്യമുന്നയിച്ചു. രണ്ടുപേര്‍ ബി.പി. മൂസക്കനുകൂലമായും രംഗത്തിറങ്ങി. എന്നാല്‍, ചെക്യാട് പഞ്ചായത്തുകാരനായ മണ്ഡലം ജന. സെക്രട്ടറി മൂസക്കനുകൂലമായ നിലപാടാണ് എടുത്തതെന്നറിയുന്നു. ഇതാണ് തീരുമാനം കൈക്കൊള്ളുന്നതിന് പ്രശ്നമായത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് മണ്ഡലം പ്രസിഡന്‍റ് പണാറത്ത് കുഞ്ഞിമുഹമ്മദ്, ജന. സെക്രട്ടറി അഹ്മദ് പുന്നക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ലമെന്‍റ് കമ്മിറ്റി യോഗം ചേര്‍ന്നു. തര്‍ക്കമുടലെടുത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് കൗണ്‍സിലര്‍മാരില്‍നിന്നും ഗ്രാമപഞ്ചായത്തംഗങ്ങളില്‍നിന്നും അഭിപ്രായം തേടാന്‍ തീരുമാനമായി. ഏഴ് ഗ്രാമപഞ്ചായത്തംഗങ്ങളും ഭൂരിഭാഗം കൗണ്‍സിലര്‍മാരും മഹമൂദിന് അനുകൂലമായ നിലപാടാണ് എടുത്തതെന്നറിഞ്ഞതോടെ, തീരുമാനം ജില്ലാ കമ്മിറ്റിക്ക് വിടുമെന്ന സ്ഥിതിയായപ്പോഴാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായത്തെിയത്. ചെക്യാട് നിന്നുള്ള പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുക്കാതെ ഏകപക്ഷീയ തീരുമാനം അംഗീകരിക്കില്ളെന്നു പറഞ്ഞ് പ്രവര്‍ത്തകര്‍ മണ്ഡലം പ്രസിഡന്‍റ് പണാറത്ത് കുഞ്ഞിമുഹമ്മദ്, ജന. സെക്രട്ടറി അഹ്മദ് പുന്നക്കല്‍ എന്നിവരുള്‍പ്പെടെ നേതാക്കളെ ലീഗ് ഹൗസിനുള്ളില്‍നിന്ന് ഇറങ്ങാന്‍ സമ്മതിക്കാതെ തടഞ്ഞുവെക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും നടന്നു. പാറക്കടവ് ടൗണ്‍ വാര്‍ഡില്‍നിന്നുള്ള അംഗമാണ് ബി.പി. മൂസ. പ്രവാസിയായ ഇയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലത്തെി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുകയായിരുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. എന്നാല്‍, തൊടുവയില്‍ മഹമൂദ് ജനകീയനായ മെംബറാണെന്നും ഇവര്‍ പറയുന്നു. വെള്ളൂര്‍ സംഘര്‍ഷത്തില്‍ മണ്ഡലം ലീഗ് നേതൃത്വത്തെ മറികടന്ന് നഷ്ടപരിഹാരം ലഭ്യമാക്കാനും കോടതിയില്‍ കേസ് നല്‍കാനും പ്രവര്‍ത്തിച്ചതാണ് മഹമൂദിനെ നേതൃത്വം അവഗണിക്കാന്‍ കാരണമെന്ന് പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.