നിറഞ്ഞ സദസ്സ് സാക്ഷി; ഇവരാണ് നഗരത്തിന്‍െറ പ്രതിനിധികള്‍

കോഴിക്കോട്: അടുത്ത അഞ്ചു കൊല്ലം കോര്‍പറേഷന്‍ ഭരിക്കാനുള്ള 75 ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ 11ന് ടാഗോര്‍ഹാളില്‍ നിറഞ്ഞുകവിഞ്ഞ സദസ്സ് സാക്ഷിയാക്കിയായിരുന്നു പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ. കൗണ്‍സിലര്‍മാരില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ രണ്ടാം വാര്‍ഡായ ചെട്ടികുളത്തുനിന്ന് ജയിച്ച കല്ലാരം കെട്ടില്‍ കൃഷ്ണനാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. ജില്ലാ വരണാധികാരികൂടിയായ കലക്ടര്‍ എന്‍. പ്രശാന്ത്കുമാറാണ് 76 കാരനായ കൃഷ്ണന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. തുടര്‍ന്ന് ഒന്നു മുതല്‍ 75 വരെ നമ്പര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് കൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാര്‍ട്ടി പ്രവര്‍ത്തകരും കൗണ്‍സിലര്‍മാരുടെ ബന്ധുക്കളും ഉദ്യോഗസ്ഥരുമെല്ലാമായി വന്‍ ജനാവലി ചടങ്ങ് തുടങ്ങുന്നതിന് ഏറെ മുമ്പ് തന്നെ ഹാളിലത്തെിയിരുന്നു. വന്‍ പൊലീസ് സംഘവും ജനക്കൂട്ടത്തെ നിയന്ത്രിക്കാനത്തെി. തിരക്ക് കാരണം കൗണ്‍സിലര്‍മാര്‍ക്കൊരുക്കിയ ഇരിപ്പിടങ്ങളില്‍പോലും ജനം കയറിയിരുന്നു. ചടങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് എത്തിയ കൗണ്‍സിലര്‍മാര്‍ക്കു വേണ്ടി പലപ്പോഴും ഇരിപ്പിടം ഒഴിവാക്കേണ്ടിവന്നു. പ്രതിജ്ഞ ചൊല്ലാന്‍ പേരുവിളിക്കുമ്പോള്‍ പലപ്പോഴും ഹാളില്‍ ആരവങ്ങളുയര്‍ന്നു. എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, ഇ.കെ. വിജയന്‍, എ.കെ. ശശീന്ദ്രന്‍, സ്ഥാനമൊഴിഞ്ഞ മേയര്‍ എ.കെ. പ്രേമജം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിജ്ഞയെടുക്കല്‍. മുന്‍ മേയര്‍മാരായ സി.ജെ. റോബിന്‍, അഡ്വ. യു.ടി. രാജന്‍, ടി.പി. ദാസന്‍, ഒ. രാജഗോപാല്‍, എം. ഭാസ്കരന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് പി. രഘുനാഥ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, മുന്‍ ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുല്‍ ലത്തീഫ്, മുന്‍ മന്ത്രി എം.ടി. പത്മ, പി.വി. ഗംഗാധരന്‍, ജോബ് കാട്ടൂര്‍, സി.പി. ഹമീദ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങിനത്തെി. കോര്‍പറേഷന്‍ വരണാധികാരികളായ ടി. രാമചന്ദ്രന്‍, ടി.പി. സാറാമ്മ, മറിയം ഹസീന തുടങ്ങിയവരും സന്നിഹിതരായിരുന്നു. കോര്‍പറേഷന്‍ സെക്രട്ടറി ടി.പി. സതീശന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.