ചെറുവണ്ണൂരിലെ തോല്‍വി: ഉത്തരം കിട്ടാതെ യു.ഡി.എഫ്

പേരാമ്പ്ര: ചെറുവണ്ണൂരില്‍ ഐക്യമുന്നണിക്ക് ഭരണം ലഭിക്കുമെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിനുപോലും സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വര്‍ധിച്ച ആത്മവിശ്വാസത്തിലായിരുന്ന യു.ഡി.എഫിന് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പേരാമ്പ്ര ബ്ളോക് പരിധിയിലെ പഞ്ചായത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിച്ച യു.ഡി.എഫ് സംവിധാനമാണ് ചെറുവണ്ണൂരിലേത്. കഴിഞ്ഞതവണ പ്രസിഡന്‍റ്പദം അലങ്കരിച്ച നളിനി നല്ലൂരിന്‍െറയും ശ്രീലേഖ പയ്യത്തിന്‍െറയും നേതൃത്വത്തിലുള്ള സ്ഥാനാര്‍ഥിനിരയെതന്നെ പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ ഇറക്കിയെങ്കിലും യു.ഡി.എഫിന് കാലിടറി. 35 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തിനുശേഷം കഴിഞ്ഞതവണയാണ് ചെറുവണ്ണൂരില്‍ ആദ്യമായി യു.ഡി.എഫ് അധികാരത്തിലത്തെുന്നത്. ജനതാദള്‍-യു മുന്നണിമാറ്റത്തോടെയാണ് ചെറുവണ്ണൂരില്‍ കഴിഞ്ഞതവണ യു.ഡി.എഫ് ഭരണം പിടിച്ചത്. 15ല്‍ 10 സീറ്റ് നേടി അധികാരത്തിലത്തെിയ യു.ഡി.എഫ് അഞ്ചു വര്‍ഷംകൊണ്ട് നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ രണ്ട് മുന്‍ പ്രസിഡന്‍റുമാരും തോല്‍ക്കുകയും നാല് സിറ്റിങ് സീറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. 7, 12, 14, 15 വാര്‍ഡുകളാണ് ഐക്യമുന്നണിക്ക് നഷ്ടമായത്. ചിട്ടയായ പ്രവര്‍ത്തനം നടത്തിയിട്ടും ചെറുവണ്ണൂര്‍ ഭരണം കൈവിട്ടതിന്‍െറ കാരണങ്ങള്‍ മുന്നണിക്ക് പിടികിട്ടുന്നില്ല. തെരഞ്ഞെടുപ്പില്‍ സി.പി.എം ഉയര്‍ത്തിയ ദേശീയ-സംസ്ഥാന രാഷ്ട്രീയം വോട്ടര്‍മാരെ സ്വാധീനിച്ചതായി യു.ഡി.എഫ് നേതൃത്വം കണക്കാക്കുന്നു. കൂടാതെ 7, 12 വാര്‍ഡുകളില്‍ ബി.ജെ.പി വോട്ട് എല്‍.ഡി.എഫിന് ലഭിച്ചതും പരാജയത്തിന് കാരണമായതായി യു.ഡി.എഫ് വിലയിരുത്തുന്നു. മുസ്ലിംലീഗിന്‍െറ സിറ്റിങ് സീറ്റായ ഏഴില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയിരുന്നു. ഇവിടെ 24 വോട്ടിനാണ് മുസ്ലിംലീഗ് പരാജയപ്പെടുന്നത്. ചെറുവണ്ണൂരിലെ വിജയം എല്‍.ഡി.എഫിന് പ്രത്യേകിച്ച് സി.പി.എമ്മിന് ആശ്വാസമാണ്. മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം. കുഞ്ഞമ്മദ് മാസ്റ്ററുടെ സ്വദേശമായ ഇവിടെ ഭരണം തിരിച്ചുപിടിക്കേണ്ടത് പാര്‍ട്ടിക്ക് അത്യാവശ്യമായിരുന്നു. കുഞ്ഞമ്മദ് മാസ്റ്റര്‍ക്കെതിരെയുള്ള സുഭിക്ഷ അഴിമതി ആരോപണങ്ങളെല്ലാം കൊണ്ടുവന്നത് ചെറുവണ്ണൂരിലെ യു.ഡി.എഫ് നേതൃത്വമാണെന്ന് സി.പി.എം വിശ്വസിക്കുന്നു. ചെറുവണ്ണൂരും പേരാമ്പ്ര ബ്ളോക് പഞ്ചായത്ത് ഭരണവും ലഭിച്ചതോടെ കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും പാര്‍ട്ടിക്കുമെതിരെയുള്ള ആരോപണങ്ങള്‍ ജനം തള്ളിയതായി സി.പി.എം അവകാശപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.