കൊടുവള്ളിയില്‍ ഗ്രൂപ് രാഷ്ട്രീയം കോണ്‍ഗ്രസിനെ തകര്‍ത്തെന്ന്

കൊടുവള്ളി: നഗരസഭയിലേക്ക് മത്സരിച്ച 10 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ ഏഴുപേരും പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച സജീവമായി. ശക്തമായ വിഭാഗീയത പാര്‍ട്ടിയുടെ കെട്ടുറപ്പിനെ തകര്‍ത്തെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ് എ, ഐ വിഭാഗമായിട്ടാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഐ വിഭാഗത്തിന് രണ്ടും എ വിഭാഗത്തിന് ഒരു സീറ്റും മാത്രമാണ് നേടാനായത്. ഇരുവിഭാഗത്തിനും അഞ്ച് സീറ്റുകള്‍ വീതമാണ് യു.ഡി.എഫ് അനുവദിച്ചത്. 28ാം ഡിവിഷനില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.എം. ഗോപാലന്‍ കൈ ചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍ ഐ വിഭാഗത്തിലെ കെ. ശിവദാസന്‍ ലീഗ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഗോപാലനെതിരെയാണ് മത്സരിച്ചത്. 12ാം ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി റസീന ശംസുദ്ദീന്‍ മത്സരിച്ചപ്പോള്‍ ലീഗിന്‍െറ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിമല ഹരിദാസനെ രംഗത്തിറക്കിയാണ് റസീനയെ പരാജയപ്പെടുത്തിയത്. കരുവന്‍പൊയില്‍ ഈസ്റ്റ് 18ാം ഡിവിഷനില്‍ ഷീബ രവീന്ദ്രനെതിരെ കോണ്‍ഗ്രസില്‍നിന്നുതന്നെയുള്ള രജിഷ തെമീമിനെ മത്സരിപ്പിച്ചാണ് പരാജയപ്പെടുത്തിയത്. മറ്റിടങ്ങളിലെല്ലാം എതിര്‍സ്ഥാനാര്‍ഥികളോട് മത്സരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. പല സീറ്റുകളിലും നേതാക്കളായവര്‍ അവകാശമുറപ്പിച്ച് മത്സരരംഗത്തിറങ്ങിയതാണ് പരാജയത്തിനിടയാക്കിയതെന്നാണ് കോണ്‍ഗ്രസില്‍നിന്നുതന്നെ ആക്ഷേപമുയര്‍ന്നത്. ഗ്രൂപ്പുതര്‍ക്കം പ്രവര്‍ത്തകരില്‍ പാര്‍ട്ടിയോടുള്ള വിശ്വാസം തകരാനിടയാക്കിയതായും ഇതുവഴി വോട്ടുചോര്‍ച്ചയുണ്ടായതായും ഇവര്‍ പറയുന്നു. ഗ്രൂപ് രാഷ്ട്രീയം മടുത്ത് ചിലര്‍ പാര്‍ട്ടി വിടാനും നീക്കം ആരംഭിച്ചതായി സൂചനയുണ്ട്. ഈ ദിശയിലുള്ള ചര്‍ച്ചയും കഴിഞ്ഞദിവസം നടന്നു. ഗ്രൂപ് രാഷ്ട്രീയത്തിനെതിരായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കളരാന്തിരിയില്‍ ചേര്‍ന്ന മേഖലാ കോണ്‍ഗ്രസ് സംയുക്ത യോഗം തീരുമാനിച്ചു. ഗ്രൂപ് നേതാക്കളുടെ വ്യക്തിതാല്‍പര്യത്തിന് പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും കരുവാക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിന് 11 അംഗ കമ്മിറ്റിയും രൂപവത്കരിച്ചു. യോഗത്തില്‍ വി.സി. ഉണ്ണികൃഷ്ണന്‍ നായര്‍, ഓടങ്ങല്‍ പ്രകാശന്‍, മെട്ടോയില്‍ മുഹമ്മദ് ഹാജി, ടി.കെ. സുലൈമാന്‍, പുനത്തില്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. 12ാം ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ മുന്നണിമര്യാദകള്‍ ലംഘിച്ച് മുസ്ലിംലീഗ് സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രവര്‍ത്തിച്ചതിനെതിരെ പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് കൊടുവള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഇതിനെതിരെ നടപടിയാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ല-സംസ്ഥാന കമ്മിറ്റികള്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു. പ്രസിഡന്‍റ് ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഗഫൂര്‍ മുക്കിലങ്ങാടി, പി.പി. അബ്ദുല്‍ ഗഫൂര്‍, ജംഷീര്‍ കാവില്‍, ശുക്കൂര്‍ മാനിപുരം, നിസാന്‍, ഫിറോസ്, മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.