കോഴിക്കോട്: മലബാറിലെ ഗതാഗത പ്രശ്നങ്ങള്‍ രൂക്ഷമായി തുടരുമ്പോഴും ജില്ലയിലെ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പലതും മുടങ്ങുന്നു. കോഴിക്കോട് ഡിപ്പോയില്‍നിന്ന് ഉള്‍പ്പെടെ സര്‍വിസ് നടത്തുന്ന ഷെഡ്യൂളുകള്‍ പലതും പതിവായി മുടങ്ങുന്നതോടെ ദീര്‍ഘ, ഹ്രസ്വദൂര യാത്രക്കാര്‍ വലയുകയാണ്. കോര്‍പറേഷനില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതാണ് ഷെഡ്യൂള്‍ മുടക്കത്തിന് കാരണമായി അധികൃതര്‍ പറയുന്നത്. ഉദ്യോഗാര്‍ഥികള്‍ എത്താത്തതിനാലുള്ള (എന്‍.ജെ.ഡി) 101 ഒഴിവുകളടക്കം 498 ഡ്രൈവര്‍മാരുടെ ഒഴിവുകളാണ് ഇപ്പോഴുള്ളത്. ഹൈകോടതി ഉത്തരവ് പ്രകാരം കഴിഞ്ഞവര്‍ഷം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത 2455 ഒഴിവുകളിലും നിയമന നടപടിയായില്ല. ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ദിവസേന ശരാശരി 85 ഷെഡ്യൂളുകള്‍ മുടങ്ങുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഈയിനത്തില്‍ ദിവസം ശരാശരി 10.25 ലക്ഷം രൂപ കോര്‍പറേഷന് നഷ്ടമാണ്. ഒഴിവുകള്‍ നികത്താത്തതിനു പുറമെ ചില ഡ്രൈവര്‍മാര്‍ കൃത്യമായി ജോലിക്ക് ഹാജരാകാത്തതും ഷെഡ്യൂള്‍ മുടക്കത്തിനും വരുമാന നഷ്ടത്തിനും ഇടയാ ക്കുന്നു. കല്‍പറ്റ ഡിപ്പോ, തൊട്ടില്‍പാലം സബ് ഡിപ്പോ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വിസുകള്‍ പലതും മുടങ്ങിയിരിക്കുകയാണ്. മലബാറിലെ മലയോര മേഖലകളില്‍നിന്ന് തെക്കന്‍കേരളത്തിലേക്കുള്ള ദീര്‍ഘദൂര സര്‍വിസുകള്‍ അടക്കമാണ് ഇതില്‍ മുടങ്ങിയത്. ജീവനക്കാരില്ലാത്തതിനാല്‍ പുതുതായി ആരംഭിക്കാന്‍ അനുമതി ലഭിച്ച ചെയിന്‍ സര്‍വിസുകളും തുടങ്ങാനായിട്ടില്ല. കല്‍പറ്റ ഡിപ്പോയില്‍നിന്ന് യാത്രാപ്രശ്നം ഏറെയുള്ള മുണ്ടേരി മണിയംകോട്, കോക്കുഴി കോട്ടത്തറ, വണ്ടിയമ്പറ്റ കമ്പളക്കാട് എന്നിവിടങ്ങളിലേക്കും തൊട്ടില്‍പാലം ഡിപ്പോയില്‍നിന്ന് വടകരയിലേക്കുള്ള ചെയിന്‍ സര്‍വിസുകളുമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇതില്‍ കല്‍പറ്റ ഡിപ്പോയില്‍ സാധ്യതാ പഠനം നടത്തിയിരുന്നെങ്കിലും ജീവനക്കാരുടെയും ബസുകളുടെയും കുറവാണ് തടസ്സമായി അധികൃതര്‍ അറിയിച്ചത്. തൊട്ടില്‍പാലം ഡിപ്പോയില്‍നിന്ന് ആറ് ഷെഡ്യൂളുകളുള്ള വടകരയിലേക്കുള്ള ചെയിന്‍ സര്‍വിസും കാലങ്ങളായുള്ള ആവശ്യമാണ്. ഇതിനു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പുതിയ ഡ്രൈവവര്‍മാരും ബസും എത്തിയാല്‍ മാത്രമേ സര്‍വിസ് തുടങ്ങാനാകൂ. കെ.എസ്.ആര്‍.ടി.സി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി കെ.യു.ആര്‍.ടി.സിക്കു കീഴില്‍ ജനുറം അടക്കം നിരവധി പുതിയ ബസുകള്‍ നിരത്തിലിറക്കിയപ്പോഴും നിയമനം നടത്താത്തത് യാത്രികര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും തിരിച്ചടിയായി. ഈ വര്‍ഷം നവംബര്‍ വരെ മാത്രം 401 സാധാരണ ബസുകളും 237 ജനുറം ബസുകളുമടക്കം 638 ബസുകളാണ് കോര്‍പറേഷന്‍ നിരത്തിലിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.