കോഴിക്കോട്: പുതുപ്പാടി സര്‍വീസ് സഹകരണ ബാങ്കിനു വേണ്ടി ഈങ്ങാപ്പുഴയില്‍ സ്ഥലം വാങ്ങിയതില്‍ അഴിമതിയെന്ന് ആക്ഷേപം. വിപണി വിലയേക്കാള്‍ കൂടിയ വിലക്കാണ് സ്ഥലം വാങ്ങിയതെന്നാണ് ആരോപണം. സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്ക് സ്ഥലമെടുത്തത് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിലെയും ഭരണസമിതിയിലെയും ചിലര്‍ അറിയാതെയാണെന്നും ആക്ഷേപമുണ്ട്. ഈങ്ങാപ്പുഴ-കാക്കവയല്‍ റോഡില്‍ കോട്ടനാട് പ്ളാന്‍േറഷന്‍െറ ഉടമസ്ഥതയിലുള്ള 50 സെന്‍റ് ഭൂമിയാണ് സെന്‍റിന് 4.15 ലക്ഷം രൂപ തോതില്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് 2.07 കോടി രൂപയാണ് ഭൂമി വിലയായി മൊത്തം നല്‍കേണ്ടത്. ഈ മേഖലയില്‍ ഭൂമിക്ക് ഇത്ര വിലയില്ളെന്നിരിക്കെ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ വാങ്ങിയ സ്ഥലത്തിന് സെന്‍റിന് അഞ്ച് ലക്ഷം രൂപയുണ്ടെന്ന് സാക്ഷ്യപ്പെടുത്താന്‍ ഒരംഗം പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്‍റിനെ സമീപിച്ചിരുന്നു. ഇത് തന്‍െറ അധികാര പരിധിയില്‍ വരുന്ന കാര്യമല്ളെന്ന് പറഞ്ഞ് പ്രസിഡന്‍റ് മടക്കുകയായിരുന്നു. ഭാവിയിലെ ‘പ്രതിരോധം’ മുന്നില്‍ക്കണ്ടാണത്രെ യു.ഡി.എഫുകാരിയായ പ്രസിഡന്‍റില്‍നിന്ന് സാക്ഷ്യപത്രം സംഘടിപ്പിക്കാന്‍ ശ്രമിച്ചത്. ബാങ്കിന് സ്ഥലം വാങ്ങുന്നതിന് എം.ഡി. ജോസ്, എടക്കുനി അഹമ്മദ് കുട്ടി, ജോയ് സെബാസ്റ്റ്യന്‍, സി.കെ. മുഹമ്മദാലി, സി.കെ. ജോയ് എന്നിവരടങ്ങിയ അഞ്ചംഗ ഉപസമിതിയെയാണ് ചുമതലപ്പെടുത്തിയത്. സമിതിയിലെ മുഴുവന്‍ അംഗങ്ങള്‍പോലും അറിയാതെയാണ് കച്ചവടം ഉറപ്പിച്ചതെന്ന് സൂചനയുണ്ട്. ഇതിനെതിരെ സി.പി.എമ്മിലും പ്രതിഷേധം ശക്തമാണ്. അതേസമയം, ഇതിനേക്കാള്‍ മെച്ചപ്പെട്ട അനുയോജ്യ സ്ഥലം വേറെ കിട്ടാനില്ല എന്ന് ബോധ്യപ്പെട്ടതിനുശേഷമാണ് തീരുമാനമെടുത്തതെന്ന് ബാങ്ക് സെക്രട്ടറി മാത്യു പറഞ്ഞു. എല്ലാ നടപടികളും സുതാര്യമായാണ് പൂര്‍ത്തിയാക്കിയതെന്നും ആരും വിയോജനക്കുറിപ്പ് എഴുതിയിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടനിലക്കാരില്ലാതെ ബാങ്ക് നേരിട്ട് ഭൂമി ഏറ്റെടുത്തതില്‍ അമര്‍ഷമുള്ളവരുണ്ടാകാമെന്നും ആരോപണം ഉയര്‍ത്തുന്നതിന് പിന്നില്‍ ഇത്തരക്കാരാകാമെന്നും ബാങ്ക് പ്രസിഡന്‍റ് കെ.സി. വേലായുധന്‍ പറഞ്ഞു. താന്‍ പ്രസിഡന്‍റുസ്ഥാനം ഏറ്റെടുക്കുമ്പോള്‍ ബാങ്ക് നഷ്ടത്തിലായിരുന്നു. എന്നാലിപ്പോള്‍ ലാഭത്തിലാകുകയും കഴിഞ്ഞ മൂന്ന് വര്‍ഷമായി ലാഭവിഹിതം നല്‍കിവരികയും ചെയ്യുന്നുണ്ട്. ബാങ്കിന്‍െറ ഉടമസ്ഥതയിലായിരിക്കെ 1984ല്‍ വിറ്റുപോയ മൈക്കാവിലെ സ്ഥലം ഇക്കാലയളവില്‍ വീണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.