ഉല്ലാസം മരണഭീതിക്ക് വഴിമാറുന്ന വെള്ളച്ചാട്ടങ്ങള്‍

തിരുവമ്പാടി: വിനോദവും ഉല്ലാസവും വഴിമാറി മരണഭീതിയുടെ ഇടങ്ങളായി മലയോരത്തെ വെള്ളച്ചാട്ടങ്ങള്‍ മാറുന്നു. തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അരിപ്പാറ, തുഷാരഗിരി, പതങ്കയം വെള്ളച്ചാട്ടങ്ങളിലായി ഇതുവരെ പൊലിഞ്ഞത് 42 മനുഷ്യജീവനാണ്. അരിപ്പാറ വെള്ളച്ചാട്ടത്തില്‍ 19 പേരാണ് 15 വര്‍ഷത്തിനിടെ മുങ്ങിമരിച്ചത്. വിനോദയാത്രക്കത്തെിയ 18 പേര്‍ക്കാണ് തുഷാരഗിരിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. യുവ പത്രപ്രവര്‍ത്തകന്‍ പി. ജിബിന്‍ (30) ചൊവ്വാഴ്ച മുങ്ങിമരിച്ച പതങ്കയത്ത് നേരത്തേ നാലുപേര്‍ മരിച്ചിരുന്നു. വെള്ളച്ചാട്ടം സന്ദര്‍ശിക്കാനത്തെുന്നവരുടെ ചെറിയ അശ്രദ്ധയാണ് മിക്ക അപകടങ്ങള്‍ക്കും കാരണമായത്. വെള്ളച്ചാട്ടങ്ങളിലെ ചതിക്കുഴികളെക്കുറിച്ച് അറിയാത്തവരാണ് ഇവിടെയത്തെുന്ന മിക്ക സന്ദര്‍ശകരും. നഗരങ്ങളില്‍നിന്നത്തെുന്നവരും നീന്തല്‍ അറിയാത്തവരുമായ യുവാക്കളാണ് കൂടുതലും അപകടത്തില്‍പെട്ടത്. മദ്യലഹരിയില്‍ വെള്ളത്തിലിറങ്ങുന്നതും അത്യാഹിതങ്ങള്‍ക്ക് കാരണമാകുന്നു. അവധിദിവസങ്ങളിലാണ് യുവാക്കളായ സന്ദര്‍ശകര്‍ വന്‍തോതിലത്തെുന്നത്. അരിപ്പാറയും തുഷാരഗിരിയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. രണ്ടിടത്തും ലൈഫ് ഗാര്‍ഡുമാരുടെ സേവനമുണ്ട്. അപകടങ്ങളില്‍പെടുന്നവരുടെ എണ്ണം കൂടിയതോടെയാണ് അരിപ്പാറയില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിച്ചത്. ആറു വര്‍ഷത്തിനിടെ അരിപ്പാറയില്‍ അപകടത്തില്‍പെട്ട 24 പേരെ ലൈഫ് ഗാര്‍ഡുമാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അരിപ്പാറക്ക് ഒരു കി.മീ മുകളിലുള്ള പതങ്കയത്ത് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. പതങ്കയം ഡി.ടി.പി.സിയുടെ അംഗീകൃത വിനോദസഞ്ചാര കേന്ദ്രമല്ല. പ്രദേശവാസികളുടെ ശ്രദ്ധപോലും എത്താത്ത പതങ്കയത്തേക്ക് സഞ്ചാരികളത്തെുന്നത് ഭയത്തോടെയാണ് നാട്ടുകാര്‍ കാണുന്നത്. ജനവാസം കുറഞ്ഞ മേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ഇവിടെ ദുഷ്കരമാണ്. അധികൃതരുടെ സുരക്ഷാ നടപടികള്‍ക്കൊപ്പം സഞ്ചാരികള്‍ സ്വയം നിയന്ത്രണം പാലിച്ചാലേ മലയോരത്തെ വെള്ളച്ചാട്ട ദുരന്തങ്ങള്‍ ഒഴിവാക്കാനാകൂവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT