പരിമിതികള്‍ക്കു നടുവില്‍ വടകര ഇ.എസ്.ഐ ഡിസ്പെന്‍സറി

വടകര: ഇ.എസ്.ഐ ഡിസ്പെന്‍സറി പരിമിതികളില്‍ വീര്‍പ്പുമുട്ടുന്നു. ഏറെക്കാലത്തെ മുറവിളിക്ക് ശേഷം സൗകര്യപ്രദമായ ഇടത്തിലേക്ക് മാറിയിട്ടും വെല്ലുവിളികള്‍ തീരുന്നില്ല. ബ്രാഞ്ച് ഓഫിസുള്‍പ്പെടെ വടകര പുതിയ ബസ്സ്റ്റാന്‍ഡിനു സമീപത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും ആത്യാവശ്യം വരുമ്പോള്‍ കോഴിക്കോട്ടും തലശ്ശേരിയിലും പോകേണ്ട ഗതികേടാണ്. നിലവില്‍ ഡിസ്പെന്‍സറിയില്‍ ഒരു ഡോക്ടറാണുള്ളത്. ഇദ്ദേഹം അവധിയില്‍ പ്രവേശിക്കുമ്പോള്‍ പകരം ഡോക്ടറെ അനുവദിക്കുന്നുണ്ട്. എന്നാല്‍, ഇരുവരും ഇല്ലാത്ത സാഹചര്യവുമുണ്ടാകാറുണ്ട്. വടകരയില്‍ ഇ.എസ്.ഐയുമായി ധാരണയുള്ള ആശുപത്രികളില്ല. ഈ സാഹചര്യത്തിലാണ് കോഴിക്കോട്ടേക്കും തലശ്ശേരിയിലേക്കും ഓടേണ്ടിവരുന്നത്. കുടുംബാംഗങ്ങളുള്‍പ്പെടെ പതിനായിരത്തിലേറെ പോരാണ് വടകര സെന്‍ററിനെ ആശ്രയിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ ലേബര്‍ സൊസൈറ്റിയായ ഊരാളുങ്കല്‍ സൊസൈറ്റിയില്‍നിന്നുമാത്രം 2000ത്തിലേറെ പേര്‍ ഇ.എസ്.ഐയിലുണ്ട്. ഇതിനുപുറമെയാണ് അണ്‍എയ്ഡഡ് സ്കൂള്‍ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍. നിലവിലെ സാഹചര്യത്തില്‍ രാവിലെയും ഉച്ചക്കുശേഷവുമായി രണ്ട് ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് ആവശ്യം. ദിനംപ്രതി 200ലേറെ രോഗികളാണിവിടെ എത്തുന്നത്. ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ഇക്കാര്യത്തില്‍ ഏറെ സമ്മര്‍ദങ്ങള്‍ ചെലുത്തിയിട്ടും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ബ്രാഞ്ച് ഓഫിസിന്‍െറ പ്രവര്‍ത്തനം പരിതാപകരമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ല. സെന്‍ററിന്‍െറ പരിമിതികള്‍ പരിഹരിക്കാന്‍ എം.എല്‍.എയും എം.പിയും ഇടപെടണമെന്നാണാവശ്യം. ഡിസ്പെന്‍സറി ഫുള്‍ടൈം ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവും ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.