കുറ്റിച്ചിറ ചരിത്രപ്പെരുമ അഭ്രപാളികളിലേക്ക്

കോഴിക്കോട്: സഹിഷ്ണുതയുടെ അതുല്യപൈതൃകം ചരിത്രത്തിന് സമ്മാനിച്ച കുറ്റിച്ചിറ അഭ്രപാളികളിലേക്ക്. സാംസ്കാരിക സവിശേഷതകളാല്‍ സമ്പന്നമായ ഈ ദേശത്തിന്‍െറ കഥ പറയുന്ന ഡോക്യുമെന്‍ററി ‘തെക്കെപ്പുറം’ എന്ന പേരിലാണ് അണിഞ്ഞൊരുങ്ങുന്നത്. സ്നേഹത്തിന്‍െറ പള്ളിമിനാരങ്ങളോടൊപ്പം ക്രൈസ്തവ ദേവാലയവും ഗുജറാത്തി ദേവാലയവും ജൈനക്ഷേത്രവും തോളുരുമ്മിനില്‍ക്കുന്ന മാനവികതയുടെ സംഗമഭൂവില്‍ ചരിത്രം രേഖപ്പെടുത്തിയ സഞ്ചാരികളെല്ലാം വന്നുചേര്‍ന്നിരുന്നു. ഇബ്നു ബത്തൂത്തയും ഫാഹിയാനും ഹുയാന്‍സാങ്ങും ഈ മണ്ണിന്‍െറ പൈതൃകം നേരിട്ടറിഞ്ഞ് ചരിത്രത്തില്‍ അടയാളപ്പെടുത്തിയതാണ്. ഹൃദ്യതയുടെ കാറ്റല്ലാതെ ഒരിക്കല്‍പോലും കുറ്റിച്ചിറയുടെ തീരദേശങ്ങളില്‍ വീശിയിരുന്നില്ല. സാമൂതിരിയുടെ കോലോത്തുനിന്ന് ഹിന്ദു-മുസ്ലിം സൗഹാര്‍ദത്തിന്‍െറ പുഴയൊഴുകിയത് തെക്കേപ്പുറത്തേക്കായിരുന്നു. അറബ്, പോര്‍ചുഗീസ് വ്യാപാരക്കപ്പലുകള്‍ ഈ സ്നേഹതീരത്താണ് വന്നടിഞ്ഞത്. പറഞ്ഞാല്‍ തീരാത്ത കഥകളുള്ള കുറ്റിച്ചിറയുടെ സമഗ്രമായ ചരിത്രാവിഷ്കാരമായാണ് ഡോക്യുമെന്‍ററി തയാറാവുന്നത്. ചരിത്രത്തിന്‍െറ ശേഷിപ്പുകളുമായി ഇന്നും കോഴിക്കോട്ടെ കോയമാര്‍ ഇവിടത്തെ സ്നേഹവീടുകളില്‍ ജീവിക്കുന്നു. അവരുടെ ജീവിതവും സാമൂഹികചുറ്റുപാടുകളും ഡോക്യുമെന്‍ററി ഒപ്പിയെടുക്കുന്നുണ്ട്. അലി ഹസ്സന്‍ മരക്കാരകം, സീതി മരക്കാരകം, കറുത്തേടകം, കുഞ്ഞമ്മാരം, സ്രാങ്കിന്‍റകം, പന്തക്കലകം, ബറാമി വലിയകം, മുല്ലാന്‍റകം, ഖാദിയാരകം, ഇരുമാനം വീട്, ഇടിയാനം വീട്, പൊന്മാച്ചിന്‍റകം, ബംഗാളി വീട്, സൂപ്പിക്കാവീട്, മൊയ്തീന്‍ വീട്, വാണിശ്ശേരി തുടങ്ങി പൗരാണിക തറവാടുകളിലൂടെയാണ് കാമറയുടെ സഞ്ചാരം. ഖാദി പരമ്പര, ബറാമി പരമ്പര, മിശ്കാല്‍ പള്ളി, ശൈഖ് പള്ളി, ശാദുലി പള്ളി, കണ്ണംപറമ്പ് തുടങ്ങി എണ്ണിയാല്‍ തീരാത്ത പൈതൃകങ്ങളാണ് ഡോക്യുമെന്‍ററിയില്‍ ഉള്‍ക്കൊള്ളിക്കുന്നത്. എസ്.കെ. പൊറ്റെക്കാട്ടിന്‍െറ ദേശത്തിന്‍െറ കഥയിലെ തോട്ടൂളിപ്പാടം, എന്‍.പി. മുഹമ്മദിന്‍െറ എണ്ണപ്പാടം, പി.എ. മുഹമ്മദ്കോയയുടെ സുല്‍ത്താന്‍ വീട് എന്നിവയെല്ലാം ഇതില്‍ ഇടം നേടും. യമനിന്‍െറ പാരമ്പര്യം മുറുകെപ്പിടിച്ച് ജീവിക്കുന്ന ബോറ മുസ്ലിംകളും കച്ച് മേമന്മാരും ഗുജറാത്തികളും ജൈനമതക്കാരും കുറ്റിച്ചിറയുടെ തീരത്ത് ഒരുമിച്ച് ജീവിക്കുന്നതിന്‍െറ നേര്‍ക്കാഴ്ചയൊരുക്കുന്നുണ്ട് ഡോക്യുമെന്‍ററിയില്‍. പ്രമുഖ ഡോക്യുമെന്‍ററി സംവിധായകര്‍ സുനോ വര്‍ഗീസാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഡോ. എം.ജി.എസ്, നാരായണന്‍, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് തുടങ്ങിയ പ്രമുഖരുടെ കൈയൊപ്പോടെയാണ് ഡോക്യുമെന്‍ററി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.