പരിസരവാസിയുടെ പരാതി: സരോവരം ട്രീറ്റ്മെന്‍റ് പ്ളാന്‍റ് നിര്‍മാണം നിര്‍ത്തിവെച്ചു

കോഴിക്കോട്: ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് സരോവരത്തെ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് നിര്‍മാണ പ്രവൃത്തി നിര്‍ത്തിവെച്ചു. അനുകൂല ഉത്തരവ് ലഭിക്കുന്നതുവരെ പ്രവൃത്തി നിര്‍ത്തിവെക്കാന്‍ ജല അതോറിറ്റി കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രദേശവാസിയായ ഐ.കെ. ബിജുവിന്‍െറ ഹരജിയില്‍ ഡിസംബര്‍ 18നാണ് ചെന്നൈയിലെ ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്രവൃത്തി വിലക്കി ഇടക്കാല ഉത്തരവിട്ടത്. തുടര്‍ വാദം കേള്‍ക്കുന്നതിന് ഹരജി ജനുവരി എട്ടിന് വീണ്ടും പരിഗണിക്കും. ജല അതോറിറ്റി കോര്‍പറേഷന്‍ പരിധിയില്‍ നടപ്പാക്കുന്ന സമഗ്ര അഴുക്കുചാല്‍ പദ്ധതിക്കാണ് സരോവരത്ത് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് നിര്‍മിക്കുന്നത്. നഗരത്തിലെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിനജലം ശുദ്ധീകരിച്ച് കനോലി കനാലില്‍ തള്ളുന്ന പദ്ധതിയാണിത്. തണ്ണീര്‍ത്തട ഭൂമിയില്‍ പ്ളാന്‍റ് നിര്‍മിക്കുന്നതിനെതിരെ പരിസരവാസികള്‍ സമരരംഗത്തുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍േറത് ഉള്‍പ്പെടെയുള്ള പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ മറികടന്നാണ് പ്ളാന്‍റ് നിര്‍മാണമെന്നാണ് പരാതി. ജല അതോറിറ്റിയുടെ 2.6 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന പദ്ധതിക്കെതിരെ ഒട്ടേറെ പരാതികളാണ് വിവിധ സമിതികള്‍ക്ക് ലഭിച്ചത്. കോട്ടൂളി തണ്ണീര്‍ത്തട സംരക്ഷണ സമിതി, സരോവരം ബയോപാര്‍ക്ക്-കനോലി കനാല്‍-കോട്ടൂളി തണ്ണീര്‍ത്തട ഫോറം എന്നിവരാണ് പ്രക്ഷോഭരംഗത്തുള്ളത്. അതേസമയം, ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവിന്‍െറ പകര്‍പ്പ് ലഭിച്ചശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.