ജലസേചന കനാല്‍ തകര്‍ന്നു: ദുരിതംപേറി മാമ്പള്ളിതാഴെ ഗ്രാമം

പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാല്‍ കൂത്താളി ഗ്രാമപഞ്ചായത്തിലെ മാമ്പള്ളിതാഴെ തകര്‍ന്നതോടെ പ്രദേശവാസികള്‍ കൊടും ദുരിതത്തില്‍. കൃഷിനാശവും യാത്രാ പ്രശ്നവുമെല്ലാമായി ഒമ്പത് മാസമായി പ്രദേശവാസികള്‍ ദുരിതം പേറുന്നു. വടേക്കരത്താഴെ വെള്ളം കെട്ടിനിന്ന് നൂറോളം തെങ്ങുകളും കവുങ്ങുകളുമാണ് നശിച്ചത്. വടേക്കര കേളപ്പന്‍ നായര്‍, കെ.സി. രാജന്‍, വടേക്കര മനോജ്, വിനോദ്, പത്മനാഭന്‍, ചെറുക്കാക്കര കുമാരപ്പണിക്കര്‍ എന്നിവരുടെ കൃഷിയാണ് നശിച്ചത്. നഷ്ടപരിഹാരമാവശ്യപ്പെട്ട് ഇവര്‍ റവന്യൂ അധികൃതരെയും ജലസേചന വകുപ്പധികൃതരേയും സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം കനാലിന്‍െറ അറ്റകുറ്റപ്രവൃത്തി നടത്താത്തതുകാരണം മാമ്പള്ളിതാഴെ വന്‍ ചോര്‍ച്ച ഉണ്ടാവുകയും മഴവെള്ളം ഒഴുകിപ്പോകാന്‍ കനാലിന് കുറുകെ മണ്ണിനടിയില്‍ സ്ഥാപിച്ച പൈപ്പ് പൊട്ടി കനാല്‍ തകരുകയുമായിരുന്നു. ഇതോടെ ഇടതുകര കനാല്‍ ഏപ്രില്‍ മാസമാദ്യം അടച്ചു. ഇത് നിരവധി പ്രദേശങ്ങളില്‍ രൂക്ഷമായ ജലക്ഷാമത്തിനുകാരണമായി. ഇപ്പോള്‍ ഇവിടെ നവീകരണ പ്രവൃത്തി നടക്കുന്നുണ്ട്. കനാല്‍ കുറുകെ മുറിച്ച് പൈപ്പിനുപകരം അണ്ടര്‍ ടണല്‍ കോണ്‍ക്രീറ്റ് ചെയ്തു. 10 മീറ്ററോളം ഉയരത്തില്‍ മണ്ണിട്ട് നികത്തി വേണം കാനലിന്‍െറ ഇരുഭാഗവും യോജിപ്പിക്കാന്‍. ഫെബ്രുവരി ആദ്യം കനാല്‍ തുറക്കുമെന്ന് പറയുന്നുണ്ടെങ്കിലും അപ്പോഴേക്കും ഇവിടത്തെ പ്രവൃത്തി പൂര്‍ത്തീകരിക്കാനാവുമോ എന്ന് കണ്ടറിയണം. കനാല്‍ മുറിച്ചതോടെ ആശാരിക്കണ്ടി-മാമ്പള്ളി-തണ്ടോറപ്പാറ റോഡിലാണ് ഗതാഗതം മുടങ്ങിയത്. ഇതിലെ കാല്‍നടയാത്രപോലും പ്രയാസമാണ്. വടേക്കര ഭാഗത്തുള്ള വെള്ളം മഴക്കാലത്ത് അണ്ടര്‍ ടണല്‍ വഴി തോട്ടിലൂടെ ചെമ്പ്ര പുഴയില്‍ പതിക്കും. കനാല്‍ തകര്‍ന്നതോടെ മണ്ണ് വീണ് ഒഴുക്ക് തടസ്സപ്പെട്ടു. ഇതോടെയാണ് വെള്ളം കെട്ടിക്കിടന്ന് കൃഷിനാശമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.