കോണ്‍ക്രീറ്റ് കനാലുകള്‍ അപകട നിലയില്‍; ജലസേചനം ഇത്തവണയും നടക്കില്ല

വടകര: പതിറ്റാണ്ടുകള്‍ക്കുമുമ്പ് കാര്‍ഷിക ജലസേചനം മുന്‍നിര്‍ത്തി കനാലുകള്‍ക്കായി കണ്ണായ ഭൂമി വിട്ടുകൊടുത്തവര്‍ നിരാശയില്‍. അപകടാവസ്ഥയിലായ കോണ്‍ക്രീറ്റ് കനാലുകള്‍ കാരണം പലയിടത്തും കനാല്‍ തുറക്കാതായിട്ട് വര്‍ഷങ്ങളായി. അഴിയൂര്‍ ബ്രാഞ്ച് കനാലിനു കീഴിലാണ് പ്രധാനമായും ഈ പ്രയാസം നിലനില്‍ക്കുന്നത്. ഇത്തവണ കുറ്റ്യാടി ഇറിഗേഷനു കീഴിലുള്ള കനാലുകള്‍ ഫെബ്രുവരി ആദ്യവാരം തുറക്കുമെന്ന് കഴിഞ്ഞദിവസം കര്‍ഷകസംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അപകടാവസ്ഥയിലായ കോണ്‍ക്രീറ്റ് കനാലുകള്‍ വഴിയുള്ള ജലസേചനം ഇത്തവണയും നടക്കില്ല. ജലസേചന വകുപ്പിന്‍െറ വടകരയിലെ നീര്‍പ്പാലങ്ങളും കനാല്‍പാലങ്ങളും അപകടം വരുത്തുന്ന രീതിയിലാണെന്ന പഠനറിപ്പോര്‍ട്ട് വന്നിട്ടും അധികൃതര്‍ ഉറക്കം നടിക്കുകയാണെന്നാണ് ആക്ഷേപം. ഈ റിപ്പോര്‍ട്ട് വര്‍ഷങ്ങളായി ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. വിള്ളലുണ്ടായി ചോര്‍ച്ചയുള്ള നീര്‍പ്പാലങ്ങളില്‍ പലതിന്‍െറയും അടിത്തൂണ്‍ പൊട്ടി ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയാണെന്ന് ജലസേചന വകുപ്പിനുവേണ്ടി എന്‍.ഐ.ടിയിലെ വിദഗ്ധര്‍ തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുസരിച്ച് നടത്തേണ്ട അറ്റകുറ്റപ്പണികള്‍ ഒന്നും നടത്തിയിട്ടില്ല. ആദ്യകാലങ്ങളില്‍ ജനുവരി പാതിയോടെ കനാല്‍ തുറക്കാറാണ് പതിവ്. അപ്പോള്‍ വരള്‍ച്ച പിടിമുറുക്കുന്ന വയലുകളില്‍ പുത്തനുണര്‍വാകും. വയലുകളിലെ നീര്‍ത്തടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കും. സമീപത്തെ കിണറുകളില്‍ ഉറവ വഴി വെള്ളമത്തെുന്നതിനാല്‍ കുടിവെള്ള ക്ഷാമവും ഒരു പരിധിവരെ പരിഹരിക്കപ്പെടും. വേനല്‍ക്കാല പച്ചക്കറി കൃഷിക്ക് ദോഷകരമാവുന്ന രീതിയില്‍ വെള്ളം കെട്ടിക്കിടക്കുമ്പോള്‍ ഇറിഗേഷന്‍ ഓഫിസില്‍ അറിയിച്ച് പൂട്ടിക്കുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. നിലവില്‍ അഴിയൂര്‍ ബ്രാഞ്ച് കനാലിനു കീഴില്‍ പലയിടങ്ങളിലുമുള്ള കോണ്‍ക്രീറ്റ് കനാലുകള്‍ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അപകടാവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ നാലു വര്‍ഷങ്ങളിലേതുപോലെ കോണ്‍ക്രീറ്റ് കനാലുകള്‍ ഒഴിവാക്കും. വടകര മേഖലയിലെ ഒമ്പതു നീര്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ കനാലിന്‍െറ കുറെ ഭാഗം പൊളിച്ചുനീക്കേണ്ടിവരുമെന്നാണ് നേരത്തേ വിദഗ്ധര്‍ നല്‍കിയ നിര്‍ദേശം. വലിയതോതില്‍ ചോര്‍ച്ചയുള്ളതിനാല്‍ കനാല്‍ തുറന്നുവിട്ടാല്‍ തന്നെ പലയിടങ്ങളിലും വെള്ളമത്തൊത്ത സാഹചര്യമാണ്. അഴിയൂര്‍ ബ്രാഞ്ച് കനാലില്‍ മാത്രം ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നാലുകോടിയിലേറെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ഇവിടെ കാര്‍ത്തികപ്പള്ളി, ചോറോട്, മുടപ്പിലായി, പുറമേരി എന്നിവിടങ്ങളില്‍ 60 ലക്ഷം വീതം നീക്കിവെച്ച പ്രവൃത്തി നടക്കേണ്ടതുണ്ട്. അഴിയൂര്‍ ബ്രാഞ്ച് കനാലില്‍ മറ്റു മൂന്നിടത്തായി 1.45 കോടിയുടെ പ്രവൃത്തി വേറെയും നടക്കാനുണ്ട്. നാലുപതിറ്റാണ്ടു മുമ്പാണ് കുറ്റ്യാടി കനാല്‍ കമീഷന്‍ ചെയ്തത്. 2005-2006 വര്‍ഷത്തില്‍ കനാല്‍പണിക്ക് ഒരു കോടി രൂപ വടകര, പെരുവണ്ണാമൂഴി, കക്കോടി ഡിവിഷനുകള്‍ക്ക് അനുവദിച്ചിരുന്നു. എന്നാല്‍, അഴിയൂരിന് ഏഴുലക്ഷം മാത്രമാണ് നീക്കിവെച്ചത്. പ്രഖ്യാപിച്ച ഫണ്ട് പൂര്‍ണമായും ലഭിച്ചാല്‍ പോലും തീരാത്ത പ്രവൃത്തിയാണുള്ളത്. കനാല്‍ തുറക്കാത്തത് ഈ മേഖലയിലെ കര്‍ഷകരെ പ്രയാസത്തിലാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.