മേയറുടെ 13 ഇന പരിപാടി സമയബന്ധിതമായി നടപ്പാക്കും

കോഴിക്കോട്: നഗരത്തിന്‍െറ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാന്‍ മേയര്‍ പ്രഖ്യാപിച്ച 13 ഇന പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ശുചിത്വനഗരം, തെരുവുവിളക്ക്, മെച്ചപ്പെട്ട ഓഫിസ് സംവിധാനം, തെരുവുനായ ശല്യം, പൊതുശൗചാലയങ്ങളുടെ നവീകരണം, പുതിയ ശൗചാലയങ്ങളുടെ നിര്‍മാണം, വാഹനപാര്‍ക്കിങ് സംവിധാനം, പൊതുശ്മശാന നവീകരണം, കോര്‍പറേഷന്‍ റോഡുകളുടെ അറ്റകുറ്റപ്പണി, സാങ്കേതികകാരണങ്ങളാല്‍ വീട് നിര്‍മാണത്തിന് അനുമതിലഭിക്കാത്ത പാവപ്പെട്ടവര്‍ക്ക് അദാലത്ത്, കുടിവെള്ളം, ജൈവകൃഷി തുടങ്ങിയ വിഷയങ്ങളാണ് മേയര്‍ വി.കെ.സി. മമ്മദ്കോയ 13 ഇന പരിപാടികളിലുള്‍പ്പെടുത്തിയത്. ഇവയെല്ലാം നടപ്പാക്കാന്‍ എല്ലാ പിന്തുണയുമുണ്ടാവുമെന്ന് കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് അഡ്വ. പി.എം. സുരേഷ്ബാബു കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി. അജന്‍ഡയിലെ 105ാമത്തെ ഇനമായി മേയറുടെ 13 ഇന പരിപാടികള്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ ആദ്യം ഇതിനെ വിമര്‍ശിച്ചുകൊണ്ട് ജെ.ഡി.യു പ്രതിനിധി പി. കിഷന്‍ചന്ദ് പ്രസംഗം തുടങ്ങി. ഇടത് അംഗങ്ങള്‍ ഇത് തടയിട്ട് രംഗത്തുവന്നപ്പോള്‍ പ്രതിപക്ഷ നേതാവ് മേയര്‍ക്ക് പിന്തുണയുമായി എത്തി. ഇവ സമയബന്ധിതമായി നടപ്പാക്കാനുള്ള വിശദമായ ചര്‍ച്ചവേണമെന്ന് അദ്ദേഹം പറഞ്ഞു. തെരുവുനായ വിഷയത്തിലും അടിയന്തരപരിഹാരം വേണമെന്ന കാര്യത്തില്‍ കൗണ്‍സിലില്‍ ഏകാഭിപ്രായമുയര്‍ന്നു. മുസ്ലിം ലീഗിലെ സി. അബ്ദുറഹ്മാനാണ് ചര്‍ച്ചക്ക് തുടക്കമിട്ടത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ‘അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍’ പദ്ധതി നടപ്പാക്കേണ്ടത് ആരെന്ന വിഷയത്തില്‍ ക്ഷേമകാര്യ-ആരോഗ്യസമിതി ചെയര്‍മാന്മാര്‍ തമ്മില്‍ തര്‍ക്കമായിരുന്നുവെന്ന് കോണ്‍ഗ്രസിലെ വിദ്യാബാലകൃഷ്ണന്‍ വിമര്‍ശമുന്നയിച്ചു. പ്രായോഗികമായ പരിഹാരം കാണാന്‍ സത്വരനടപടിവേണമെന്നും എ.ബി.സി പദ്ധതിയുടെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന സൂപ്പര്‍ സ്പെഷാലിറ്റി മൃഗാശുപത്രി യാഥാര്‍ഥ്യമാക്കുമെന്നും മേയര്‍ പറഞ്ഞു. ഞെളിയന്‍പറമ്പ് മാലിന്യസംസ്കരണ പ്ളാന്‍റിലെ അറ്റകുറ്റപ്പണികള്‍ചെയ്ത വകയില്‍ രണ്ടരകോടിക്ക് പകരം കരാറുകാരന് കോടതിച്ചെലവും പലിശയുമടക്കം അഞ്ചരക്കോടിയോളം ബാധ്യതയായത് സംബന്ധിച്ച് രണ്ടാഴ്ചക്കകം സെക്രട്ടറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടായതായി കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. കോര്‍പറേഷന്‍െറ സീവേജ് പദ്ധതിക്കുവേണ്ടി സരോവരത്തിനടുത്ത് നിര്‍മിക്കുന്ന സംസ്കരണപ്ളാന്‍റിന് കപ്പാസിറ്റി വര്‍ധിപ്പിക്കാന്‍ നാലേക്കര്‍ ഭൂമികൂടി ഏറ്റെടുക്കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ പ്രതിപക്ഷം ഇടപെട്ടു. നിലവിലുള്ള ടാങ്ക് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് മതി അടുത്ത പദ്ധതിയെന്ന് ഒടുവില്‍ കൗണ്‍സില്‍ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.