മുക്കം: മുനിസിപ്പാലിറ്റിയിലെ മണാശ്ശേരി മുനിസിപ്പല്‍ ഗ്രൗണ്ട് -ഈസ്റ്റ് മണാശ്ശേരി റോഡ് പൂര്‍ണമായും തകര്‍ന്ന് ഗതാഗതം ദുഷ്കരമായി. ടാറിങ് ചെയ്ത ഭാഗം പൂര്‍ണമായും നശിച്ച റോഡില്‍ അപകടകരമാംവിധം ഉരുളന്‍കല്ലുകള്‍ ചിതറിക്കിടക്കുകയാണ്. മണാശ്ശേരി മുതല്‍ ഗ്രൗണ്ട് വരെ കുത്തനെയുള്ള കയറ്റമാണ്. ഈ ഭാഗത്താണ് ഏറ്റവും കൂടുതല്‍ തകര്‍ന്നിരിക്കുന്നത്. വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ഇതുവഴിയുള്ള യാത്ര ദുരിതമാണ്. ഗ്രൗണ്ട് നിര്‍മാണത്തിനായി ടിപ്പറുകളും മണ്ണുമാന്തിയന്ത്രങ്ങളും നിരന്തരമായി ഓടിയതാണ് റോഡ് കൂടുതല്‍ തകരാന്‍ കാരണം. എന്നാല്‍, ഗ്രൗണ്ട് നിര്‍മാണം കഴിഞ്ഞെങ്കിലും റോഡ് നന്നാക്കിയിട്ടില്ല. ഇരുചക്രവാഹനങ്ങളില്‍ ഇതുവഴി യാത്രചെയ്താല്‍ അപകടം ഉറപ്പാണ്. സ്ഥിരം റോഡിനെ ആശ്രയിക്കുന്ന മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്കാണ് റോഡ് തകര്‍ച്ച ഏറെ ദുരിതമായിരിക്കുന്നത്. കൂടാതെ സമീപത്തുള്ള അങ്കണവാടിയിലേക്കും മണാശ്ശേരി സ്കൂളിലേക്ക് വരുന്ന കുട്ടികള്‍ക്കും റോഡ് ഭീഷണിയാണ്. എത്രയും പെട്ടെന്ന് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.