മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍: മുനിസിപ്പാലിറ്റിക്ക് കീഴില്‍ വികസനം പ്രതീക്ഷിച്ച് നാട്ടുകാര്‍

മുക്കം: മലയോര മേഖലയിലെ ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായ മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ വികസന പ്രതീക്ഷയില്‍. നേരത്തേ ഗ്രാമപഞ്ചായത്തായിരുന്നപ്പോള്‍ കുന്ദമംഗലം ബ്ളോക്കിന് കീഴിലായിരുന്നു കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍. മുക്കം മുനിസിപ്പാലിറ്റിയായതോടെ സി.എച്ച്.സി നഗരസഭയുടെ കീഴിലായിരിക്കുകയാണ്. മുക്കം, കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുക്കം സി.എച്ച്.സിക്ക് കീഴിലാണ്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററാണങ്കിലും സൗകര്യങ്ങള്‍ കുറവാണ്. പത്തോളം ഡോക്ടര്‍മാര്‍ സി.എച്ച്.സിയില്‍ വേണമെങ്കിലും ഇപ്പോഴുള്ളത് അഞ്ചുപേര്‍ മാത്രം. പാരാമെഡിക്കല്‍ സ്റ്റാഫും ആവശ്യത്തിനില്ല. അതിനാല്‍ രോഗികളുടെ നീണ്ട ക്യൂ ഏതുസമയത്തും ഇവിടെ കാണാനാവും. ആദിവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശ്രയിക്കുന്ന ഇവിടെ ഒരു ഗൈനക്കോളജിസ്റ്റ് പോലുമില്ല. മൂന്നുവര്‍ഷം മുമ്പ് പ്രസവാവധിക്ക് പോയ ഗൈനക്കോളജിസ്റ്റിന് പകരം പുതിയ ഒരാളെ ഇതുവരെ നിയമിച്ചിട്ടില്ല. ഇതോടെ ലേബര്‍ റൂം അടച്ചിട്ടിരിക്കുകയാണ്. ആശുപത്രി കെട്ടിടവും ശോച്യാവസ്ഥയിലാണ്. പ്രധാന കെട്ടിടം ഏതുസമയവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. ഇതിന് പരിഹാരം കാണാനും ഇതുവരെ കഴിഞ്ഞിട്ടില്ല. മുക്കം നഗരസഭയായതോടെ ഈ ആരോഗ്യ കേന്ദ്രത്തിന് ശാപമോക്ഷമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.