മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം: തിങ്കളാഴ്ചയോടെ 29 കോടിയും അക്കൗണ്ടിലേക്ക്

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡില്‍ മലാപ്പറമ്പ് ജങ്ഷന്‍ വികസനത്തിന് 10 കോടി രൂപ പി.ഡബ്ള്യു.ഡി അധികൃതര്‍ക്ക് കൈമാറിയെങ്കിലും മൂന്നാം ഘട്ടമായി അനുവദിച്ച 29 കോടി ലഭിക്കാതെ റോഡിന്‍െറ വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകില്ല. നേരത്തേ പ്രഖ്യാപിച്ച 29 കോടി ലഭിച്ചാലേ സര്‍ക്കാര്‍ ഭൂമി മതില്‍കെട്ടി സംരക്ഷിക്കുന്നതും മറ്റു പ്രവൃത്തികളും നടക്കുകയുള്ളൂ. ഉത്തരവില്‍ വന്ന പിശകു മൂലം വൈകിയ 29 കോടി തിങ്കളാഴ്ചയോടെ അധികൃതര്‍ക്ക് കൈമാറാന്‍ കഴിയുമെന്ന വിവരം ലഭിച്ചതായി എം.കെ. രാഘവന്‍ എം.പി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. 29 കോടി രൂപയില്‍ നാലു കോടി രൂപയാണ് മാനാഞ്ചിറ മുതല്‍ വെള്ളിമാട്കുന്ന് വരെയുള്ള സര്‍ക്കാര്‍ ഭൂമി മതില്‍കെട്ടി സംരക്ഷിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിനുശേഷം മാത്രമേ ട്രാഫിക് ഗതാഗതം സുഗമമാക്കാനാവൂ. ആറു മാസം മുമ്പ് അനുവദിച്ച 10 കോടിയാണിപ്പോള്‍ മലാപ്പറമ്പ് ജങ്ഷന്‍ വികസനത്തിനായി പൊതുമരാമത്ത് വിഭാഗത്തിന് ലഭിച്ചിരിക്കുന്നത്. ഇത് ജില്ലാ കലക്ടര്‍ക്ക് ലഭിച്ചാലേ തുടര്‍നടപടികളില്‍ തീരുമാനമാകൂ. മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 കോടിയില്‍ 25 കോടി കഴിഞ്ഞ മാര്‍ച്ചില്‍ ലഭിച്ചു. സെപ്റ്റംബര്‍ 30ന് ബാക്കി 75 കോടി അനുവദിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഫണ്ട് ലഭിക്കുന്നത് നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 26ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം 10 കോടിയും ഒക്ടോബര്‍ 10ലെ ഉത്തരവുപ്രകാരം 25 കോടിയും അനുവദിച്ചിരുന്നു. ഇതിനുപുറമെ ഭൂമി വിട്ടുനല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുറ്റുമതില്‍ മാറ്റിസ്ഥാപിക്കുന്നതിനായി നാലുകോടി രൂപയും അനുവദിച്ചിരുന്നു. ഈ 39 കോടിയിലെ 10 കോടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ശേഷിച്ച 29 കോടി എത്താതെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാകില്ല. 29 കോടി അനുവദിച്ചുകൊണ്ടുള്ള ഒക്ടോബര്‍ ഒന്നിലെ ഉത്തരവിന്‍െറ ശീര്‍ഷകം തെറ്റിയതാണ് തുക കിട്ടുന്നത് പിന്നെയും വൈകാനിടയാക്കിയത്. പിന്നീട് ഒക്ടോബര്‍ 31നാണ് തിരുത്തിയ ഉത്തരവിറങ്ങുന്നത്. തിങ്കളാഴ്ചയോടെ ഈ തുക ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിനുള്ള ഫണ്ട് വൈകുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭമാണ് നടന്നുവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.