സരോവരം സ്വീവേജ് പ്ളാന്‍റിനെതിരെ നാട്ടുകാരുടെ പ്രതിരോധശൃംഖല

കോഴിക്കോട്: കോട്ടൂളി തണ്ണീര്‍ത്തടത്തില്‍ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് നിര്‍മിക്കുന്നതിനെതിരെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 500ഓളം പേര്‍ പങ്കെടുത്ത പ്രതിരോധ ശൃംഖലയില്‍ പ്രതിഷേധമിരമ്പി. സരോവരം-കനോലി കനാല്‍-കോട്ടൂളി തണ്ണീര്‍ത്തട സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് സരോവരം ബയോപാര്‍ക്കിനു സമീപം പരിസരവാസികള്‍ പ്രതിരോധ ശൃംഖല തീര്‍ത്തത്. തണ്ണീര്‍ത്തടത്തിന്‍െറ സംരക്ഷണവും, സ്വീവേജ് പ്ളാന്‍റ് മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള പ്ളക്കാര്‍ഡുകളുമായി ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തി. നഗരത്തിന്‍െറ ഹൃദയഭാഗത്തുള്ള പരിസ്ഥിതി പ്രാധാന്യമുള്ള കോട്ടൂളി തണ്ണീര്‍ത്തടത്തിലാണ് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംസ്കരിക്കുന്നതിനുള്ള സ്വീവേജ് പ്ളാന്‍റ് നിര്‍മിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിരവധി കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് നിര്‍മാണമെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിക്കുന്നു. കടുത്ത വേനലിലും വെള്ളം കെട്ടിനില്‍ക്കുന്നതും വെള്ളപ്പൊക്കത്തില്‍നിന്നും വരള്‍ച്ചയില്‍നിന്നും നഗരത്തെ സംരക്ഷിക്കുന്നതുമായ കോട്ടൂളി തണ്ണീര്‍ത്തടത്തിന്‍െറ വലിയൊരു ഭാഗം നികത്തി പ്ളാന്‍റ് നിര്‍മിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. ജനകീയ പ്രക്ഷോഭത്തിന്‍െറയും നിയമയുദ്ധത്തിന്‍െറയും ഫലമായി പ്ളാന്‍റ് തണ്ണീര്‍ത്തടത്തിന്‍െറ നടുവില്‍നിന്ന് സരോവരം ബയോപാര്‍ക്കിന്‍െറ കവാടത്തോട് ചേര്‍ന്നുള്ള 2.6 ഏക്കര്‍ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. തണ്ണീര്‍ത്തടങ്ങളിലോ അതിന് സമീപത്തോ ഇത്തരം പദ്ധതികള്‍ നടപ്പാക്കരുതെന്നാണ് നിയമം. നഗരമധ്യത്തിലും ജനവാസമുള്ളിടങ്ങളിലും മാലിന്യസംസ്കരണത്തിനായുള്ള ഇത്തരം വന്‍ പദ്ധതികള്‍ നടപ്പാക്കാറില്ല. കണ്ടല്‍വനങ്ങളും ജൈവവൈവിധ്യത്താല്‍ സമ്പന്നവുമായ ഇവിടം പരിസ്ഥിതിലോല പ്രദേശത്തില്‍ ഉള്‍പ്പെട്ടതാണ്. പദ്ധതിക്ക് മാസ്റ്റര്‍പ്ളാനോ നേരാംവണ്ണം തയാറാക്കിയ റിപ്പോര്‍ട്ടോ ഇല്ളെന്നും ഇവര്‍ ആരോപിക്കുന്നു. പ്ളാന്‍റിലേക്ക് മാലിന്യം എത്തിക്കേണ്ട പമ്പിങ്, ലിഫ്റ്റിങ് സ്റ്റേഷനുകള്‍ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കാതെയാണ് നിര്‍മാണം തുടങ്ങുന്നത്. ഈ സാഹചര്യത്തിലാണ് പ്ളാന്‍റ് നിര്‍മാണം കോട്ടൂളി തണ്ണീര്‍ത്തടത്തില്‍നിന്ന് മാറ്റണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെടുന്നത്. പ്രതിരോധ ശൃംഖല പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ അഡ്വ. യു.ടി. രാജന്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.