ചട്ടങ്ങള്‍ പാലിക്കാതെ മത്സ്യ, മാംസ വില്‍പന

നാദാപുരം: ആരോഗ്യ, ശുചിത്വ സംവിധാനങ്ങള്‍ യഥാവിധി പാലിക്കാതെ നാദാപുരം, കല്ലാച്ചി മത്സ്യമാര്‍ക്കറ്റുകള്‍. മത്സ്യ, മാംസവില്‍പന ആരോഗ്യത്തിന് ഹാനികരമായ രീതിയിലാണോയെന്ന് പരിശോധിക്കാന്‍ ഗ്രാമപഞ്ചായത്ത് താല്‍പര്യമെടുക്കാത്തതിനാലാണ് ഈ സ്ഥിതി. മതിയായ ഫ്രീസര്‍ സംവിധാനങ്ങളൊന്നുമില്ലാതെയാണ് നാദാപുരത്തെയും കല്ലാച്ചിയിലെയും മത്സ്യമാര്‍ക്കറ്റുകളില്‍ മത്സ്യം സൂക്ഷിക്കുന്നതെന്ന പരാതിയുയര്‍ന്നിട്ടും പഞ്ചായത്ത് ആരോഗ്യവിഭാഗം ഇനിയും ഉണര്‍ന്നിട്ടില്ല. മത്സ്യങ്ങള്‍ വാരിവലിച്ച് ഐസുകള്‍ നിറച്ച പെട്ടികളില്‍ വെക്കുകമാത്രമാണ് ചെയ്യുന്നത്. ഇതില്‍ ഐസുകള്‍ക്കുപുറമെ രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ അധികൃതര്‍ ഇതുവരെ സംവിധാനമേര്‍പ്പെടുത്തിയിട്ടില്ല. രണ്ട് മാര്‍ക്കറ്റുകളിലും രാത്രികാല മത്സ്യവില്‍പന നടക്കുന്നതിനാല്‍ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന അമോണിയ ഉള്‍പ്പെടെയുള്ള രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിന് സൗകര്യമേറെയാണെന്ന് പരാതിയുണ്ട്. അത്യധികം ഹാനികരമായ അമോണിയ പ്രയോഗം നടത്തിയാല്‍ മത്സ്യങ്ങള്‍ കേടുകൂടാതെ ഒരാഴ്ചയിലധികം സൂക്ഷിക്കാന്‍ കഴിയും. അയക്കൂറയും ആവോലിയും ഉള്‍പ്പെടെയുള്ള വലിയ മത്സ്യങ്ങളാണ് ഇങ്ങനെ സൂക്ഷിക്കുന്നതത്രെ. പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന മത്സ്യമാര്‍ക്കറ്റില്‍ ശുചിത്വ സംവിധാനങ്ങളും താളം തെറ്റിയിരിക്കുകയാണ്. കൃത്യമായ ശുചീകരണം നടക്കാത്തതിനാല്‍ മാര്‍ക്കറ്റ് പരിസരം വൃത്തിഹീനമാണ്. മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ചിക്കന്‍ സ്റ്റാളുകളില്‍നിന്നടക്കമുള്ള അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്ന അവസ്ഥയാണുള്ളത്. മാര്‍ക്കറ്റുകളിലെ സ്റ്റാളുകള്‍ ലേലം ചെയ്യുകമാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തം എന്ന രീതിയിലാണ് അധികൃതര്‍ പ്രവര്‍ത്തിക്കുന്നത്. മത്സ്യമാര്‍ക്കറ്റുകളുടെ അവസ്ഥയിതാണെങ്കില്‍ അറവുശാലകള്‍ ഇതിലും ശോചനീയമാണ്. ഗ്രാമപഞ്ചായത്ത് അംഗീകരിച്ച അറവുശാല കല്ലാച്ചി പാലോഞ്ചാലകുന്നിലെ മാലിന്യസംസ്കരണ പ്ളാന്‍റിനോടനുബന്ധിച്ചാണുള്ളത്. എന്നാല്‍, ഒരിക്കല്‍പോലും തുറക്കാത്ത ഇതിന്‍െറ പ്രവര്‍ത്തനം കടലാസില്‍മാത്രമാണ്. നാദാപുരം, കല്ലാച്ചി ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാംസവില്‍പന കേന്ദ്രങ്ങള്‍ക്ക് ഇറച്ചിസ്റ്റാളുകളുടെ ലൈസന്‍സ് മാത്രമാണുള്ളത്. ഇതിന്‍െറ മറവില്‍ ഉരുക്കളെ അറക്കുന്നതും സ്റ്റാളുകളിലാണ്. മതിയായ ശുചിത്വ സംവിധാനങ്ങളില്ലാത്ത ഇത്തരം അനധികൃത അറവുകേന്ദ്രങ്ങളില്‍നിന്ന് മൃഗങ്ങളുടെ രക്തവും അവശിഷ്ടങ്ങളും ഓവുചാലുകളിലേക്ക് തള്ളുകയാണ് ചെയ്യുന്നത്. മഴവെള്ളം ഒഴുകുന്നതിന് നിര്‍മിച്ച ഇത്തരം ഓടകള്‍ വൃത്തിഹീനമാകുന്നതിനുപുറമെ മാലിന്യം കെട്ടിക്കിടന്ന് ഒഴുക്കും തടസ്സപ്പെടുന്നു. ഓടകള്‍ ചെന്നവസാനിക്കുന്നത് ശുദ്ധജലം ശേഖരിക്കുന്ന തോടുകളിലായതിനാല്‍ കുടിവെള്ളത്തിലും മാലിന്യം കലരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.