വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരായ കേസ് അവസാനിപ്പിച്ചു

താമരശ്ശേരി: നെല്ലിപ്പൊയില്‍ സെന്‍റ് ജോണ്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ കായികതാരത്തെ സ്കൂളിലെ കായികാധ്യാപകന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ കോടഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തില്‍ വാസ്തവവിരുദ്ധമെന്നുകണ്ട് പൊലീസ് അവസാനിപ്പിച്ചു. 2014 ഡിസംബര്‍ മാസത്തില്‍ എറണാകുളത്തെ ലോഡ്ജില്‍വെച്ചും 2015 ജനുവരി 21ന് ദേശീയ സ്കൂള്‍ ഗെയിംസ് നടന്ന റാഞ്ചിയിലെ ബിര്‍സാമുണ്ട സ്റ്റേഡിയത്തിലെ ഗാലറിയില്‍വെച്ചും കായികാധ്യാപകനായ വിനീഷ് മാനഭംഗപ്പെടുത്തുകയും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. പരാതിക്കാരി പട്ടികജാതിയില്‍പെട്ട 10ാം ക്ളാസ് വിദ്യാര്‍ഥിയായിരുന്നു. താമരശ്ശേരി ഡിവൈ.എസ്.പിയായിരുന്ന ജെയ്സണ്‍ കെ. അബ്രഹാമാണ് കേസന്വേഷണം നടത്തിയത്. അന്വേഷണത്തിന്‍െറ ആരംഭത്തില്‍തന്നെ പരാതിക്കാരി വൈദ്യപരിശോധനക്ക് വിധേയമാകുന്നതിനോ മജിസ്ട്രേറ്റ് മുമ്പാകെ മൊഴിനല്‍കുന്നതിനോ തയറായിരുന്നില്ല. 2015 മാര്‍ച്ച് 23ന് പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റിന്‍െറ മുന്നില്‍ പരാതിക്കാരി നല്‍കിയ മൊഴിയിലും പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ നടന്നിട്ടില്ളെന്നും സ്കൂളിലെ പ്രധാനാധ്യാപിക പറഞ്ഞതനുസരിച്ച് ഒപ്പിട്ടുനല്‍കുകയുമാണ് ചെയ്തതെന്ന് പറഞ്ഞിരുന്നു. വിദ്യാര്‍ഥിനിയുടെ അമ്മയും കോടതിയില്‍ ഇതേ മൊഴിതന്നെ ആവര്‍ത്തിക്കുക യായിരുന്നു. പരാതിക്കാരി കോടതി മുമ്പാകെ പരാതിയില്‍പറയുന്ന സംഭവം നടന്നിട്ടില്ളെന്ന് മൊഴിനല്‍കുകയും സെഷന്‍സ് കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുംചെയ്ത സാഹചര്യത്തില്‍ കേസന്വേഷണ നടപടികള്‍ അവസാനിപ്പിച്ചതായി തുടരന്വേഷണം നടത്തിയ താമരശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍ കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. കോടതിയിത് അംഗീകരിച്ച് കേസ് അവസാനിപ്പിക്കുകയാണുണ്ടായത്. പ്രതിക്കുവേണ്ടി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, അഡ്വ. സുനില്‍ ജോര്‍ജ് എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.