കോഴിക്കോട്: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ഒ.പികള്‍ തുടങ്ങാന്‍ വൈകുന്നത് രോഗികള്‍ക്ക് ബുദ്ധിമുട്ടാവുന്നുവെന്ന് പരാതി. രാവിലെ എട്ടിന് ഒ.പി ശീട്ട് നല്‍കുമെങ്കിലും 11 മണി കഴിയാതെ ഡോക്ടര്‍മാര്‍ ഒ.പിയിലത്തെുന്നില്ല. മെഡിക്കല്‍ കോളജിലെ ഒ.പികളെല്ലാം ശീട്ട് നല്‍കുന്ന എട്ടിനുതന്നെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ സൂപ്പര്‍ സ്പെഷാലിറ്റിയില്‍ ഒ.പിയുടെ വാതില്‍ക്കല്‍ ശീട്ട് അട്ടിവെച്ച് കാത്തുനില്‍ക്കേണ്ട ഗതികേടിലാണ് രോഗികള്‍. മൂത്രാശയ രോഗം, ന്യൂറോസര്‍ജറി, ന്യൂറോ മെഡിസിന്‍, ഹൃദ്രോഗ വിഭാഗം ഒ.പികളാണ് വളരെ വൈകി തുടങ്ങുന്നത്. ആദ്യം ശീട്ട് ലഭിച്ചാല്‍ ആദ്യംതന്നെ ഡോക്ടറെ കണ്ട് വേഗം രക്ഷപ്പെടാം എന്നു കരുതി നേരത്തേ വരുന്ന രോഗികള്‍ ഇതിനാല്‍ വെട്ടിലാവുകയാണ്. മാത്രമല്ല, ഒ.പി ശീട്ട് നല്‍കുന്നത് 12 മണി വരെയായതിനാല്‍ ആ സമയത്തിനുള്ളില്‍ എത്താന്‍ ദൂരെ സ്ഥലങ്ങളിലുള്ള രോഗികള്‍ പുലര്‍ച്ചേതന്നെ വീട്ടില്‍നിന്നിറങ്ങുന്നുണ്ട്. ഭക്ഷണം കഴിക്കാതെ പുലര്‍ച്ചെ വന്ന് ഡോക്ടറെ കാത്തുനില്‍ക്കുന്ന രോഗികള്‍ തളര്‍ന്ന് അവശരാകുകയാണ്. ഹൃദ്രോഗികളും മൂത്രാശയ രോഗികളും നാഡീസംബന്ധ രോഗികളുമാണ് ക്യൂ നിന്ന് തളരുന്നത്. ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഡോക്ടര്‍ വന്നാലോ എന്നു കരുതി ഭക്ഷണം ഡോക്ടറെ കണ്ട ശേഷമാകാമെന്നു മാറ്റിവെക്കുകയാണ് രോഗികള്‍. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയോടനുബന്ധിച്ച് കാന്‍റീനുകളും മറ്റുമില്ലാത്തതിനാല്‍ ഭക്ഷണത്തിനായി കോഫി ഹൗസ് വരെ പോകണം. 11 മണിയാകുമ്പോഴും ഒ.പിയിലേക്ക് വരുന്നത് ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണ്. അടിയന്തര കേസുകള്‍ കൈകാര്യംചെയ്യാന്‍ പോയതാണ് ഡോക്ടര്‍മാര്‍ എന്നാണ് ഒ.പി വൈകുന്നതിനെക്കുറിച്ച് അധികൃത പക്ഷം. എന്നാല്‍, ഒരു ഡിപ്പാര്‍ട്മെന്‍റിലെ എല്ലാ ഡോക്ടര്‍മാരും അടിയന്തര കേസുകള്‍ കൈകാര്യംചെയ്യുകയാണോ എന്ന ചോദ്യത്തിന് മറുപടിയുമില്ല. ഒന്നോ രണ്ടോ പേരെങ്കിലും കൃത്യസമയത്ത് വന്നാല്‍ തിരക്ക് നിയന്ത്രിക്കാനാകുമെങ്കിലും ഇതാരോടു പറയണം എന്നറിയാതെ രോഗികള്‍ കുഴങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.