കുറ്റ്യാടി: എസ്.ഡി.പി.ഐ പ്രവര്‍ത്തകനും വ്യാപാരിയുമായ ആര്‍.എം. നിസാറിനെ കടയില്‍കയറി വെട്ടിയും ബോംബെറിഞ്ഞും കൊല്ലാന്‍ ശ്രമിച്ച കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ ചെക്യാട് പന്നിയിടുക്കില്‍ നാണു(48), കല്ലാച്ചി വരിക്കോളി മലയില്‍ അമ്പ്രോളി അഭിലാഷ് (30) എന്നിവരെ നാദാപുരം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സി.പി.എം പ്രവര്‍ത്തകരായ ഇരുവരെയും കുറ്റ്യാടി സി.ഐ എം.സി. കുഞ്ഞിമോയിന്‍കുട്ടിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഒമ്പതു പേര്‍ അറസ്റ്റിലായി. ആക്രമണത്തിനിടയില്‍ സാരമായ പരിക്കേറ്റ നാണുവും അഭിലാഷും മറ്റൊരു പ്രതിയായ രാജനും മോട്ടോര്‍ ബൈക്കില്‍ രക്ഷപ്പെട്ട് വാണിമേല്‍ കൂളിക്കുന്നിലെ ഒരു വീട്ടില്‍ കയറി മുറിവ് കെട്ടുകയും വിശ്രമിക്കുകയും ചെയ്ത് കണ്ണൂര്‍ അതിര്‍ത്തിവരെ ബൈക്കിലും പിന്നീട് ടാക്സി ജീപ്പില്‍ തലശ്ശേരി സഹകരണ ആശുപത്രിയിലത്തെി ചികിത്സ തേടുകയും ചെയ്തു. വാഹനാപകടത്തില്‍ പരിക്കേറ്റെന്നാണത്രെ ആശുപത്രിയില്‍ പറഞ്ഞത്. പിന്നീട് അവിടെ നിന്ന് മുങ്ങി ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മാസം 13ന് രാവിലെ നിസാറിനെ കടയില്‍ കയറി വെട്ടിയപ്പോള്‍ ആയുധം തട്ടി തകര്‍ന്ന ചില്ല് കൊണ്ട് നാണുവിന് തലക്കും ബോംബ് സ്ഫോടനത്തില്‍ അഭിലാഷിന് കാലിനും പരിക്കേറ്റിരുന്നു. നാണുവിന് ഏഴ് തുന്നുകളുണ്ടായിരുന്നെന്നും സി.ഐ പറഞ്ഞു. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നും പ്രതികള്‍ക്ക് അഭയംനല്‍കിയ വീട്ടുകാരില്‍നിന്നുമാണ് പ്രതികളെ കുറിച്ച തെളിവുകള്‍ ലഭിച്ചത്. അഭയം നല്‍കിയ വീട്ടിലെ ദമ്പതികള്‍, ടാക്സി ജീപ്പ് ഡ്രൈവര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത കല്ലാച്ചി അഖിന്‍, ചെക്യാട് അന്ത്യേരി അനൂപ്, വളയം മനീഷ് എന്നിവരെയും ബൈക്ക് എത്തിച്ചുകൊടുത്ത വൈശാഖ് എന്നിവരും റിമാന്‍ഡിലാണുള്ളത്. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത രാജനെയും സഹായി റിനുവിനെയുമടക്കം ഇനി പിടികൂടാനുണ്ട്. എന്നാല്‍, പ്രതികള്‍ സഞ്ചരിച്ച ബൈക്ക്, സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങള്‍ എന്നിവ ലഭിച്ചിട്ടില്ലത്രെ. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടു ചോദ്യംചെയ്യുമെന്ന് സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.