40ഓളം മോഷണക്കേസുകളിലെ പ്രതി പയ്യോളിയില്‍ പിടിയില്‍

പയ്യോളി: വാഹന മോഷണവും മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ച് സ്വര്‍ണമാല പിടിച്ചുപറിയും നടത്തിയ കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതി പയ്യോളിയില്‍ പിടിയിലായി. മലപ്പുറം പെരിങ്ങാവ് കുഴിക്കോട്ടില്‍ വീട്ടില്‍ ജാഫറിനെയാണ് (28) വടകര ഡിവൈ.എസ്.പി പ്രദീപ്കുമാറിന്‍െറ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ പയ്യോളി എസ്.ഐ കെ.സി. സുഭാഷ്ബാബുവിന്‍െറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും മാഹിയിലും സ്വര്‍ണമാല പിടിച്ചുപറി നടത്തിയതിന് 30ഓളം കേസുകളിലും വാഹനമോഷണം നടത്തിയതിന് പത്തോളം കേസുകളിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ചോദ്യം ചെയ്തതോടെ നിരവധി പിടിച്ചുപറി കേസുകളുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇയാളില്‍നിന്ന് ലഭിച്ചു. വടകര ഗവ. ആശുപത്രി റോഡ്, വടകര ജനതാറോഡ്, കൈനാട്ടി സ്വാമിമഠം റോഡ്, പള്ളിക്കര കോഴിപ്പുറം, ഫറോക്ക്, മഞ്ചേരി എന്നിവിടങ്ങളില്‍ മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ കഴുത്തില്‍നിന്ന് പിടിച്ചുപറിച്ച സ്വര്‍ണമാലകളും മാഹി, മഞ്ചേരി എന്നിവിടങ്ങളില്‍നിന്ന് മോഷ്ടിച്ച മൂന്നു ബൈക്കുകളും പൊലീസ് കണ്ടെടുത്തു. മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ചാണ് ഇയാള്‍ സ്വര്‍ണമാല തട്ടിപ്പറിക്കുന്നത്. മുമ്പ് രണ്ടു തവണ ജയില്‍ശിക്ഷ അനുഭവിച്ച പ്രതി കഴിഞ്ഞ മേയിലാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. മോഷണം നടത്തി കിട്ടുന്ന പണംകൊണ്ട് മയക്കുമരുന്ന് ഉപയോഗിക്കുകയും ഉല്ലാസയാത്ര നടത്തുകയുമാണ് ഇയാള്‍ ചെയ്യുന്നത്. എസ്.ഐ കെ.കെ. ആഗേഷ്, എ.എസ്.ഐമാരായ രാജീഷ്ബാബു, അനില്‍കുമാര്‍, പ്രകാശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജീവന്‍, യൂസഫ്, ഐ.കെ. ഷിനു, ഷാജി, സുരേഷ്കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.