ഷാജിയുടെ ആത്മഹത്യ : അമര്‍ഷമറിയിച്ച് പൊലീസ് അസോസിയേഷന്‍ പ്രമേയം

കോഴിക്കോട്: നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഓഫിസര്‍ ഷാജിയുടെ ആത്മഹത്യക്ക് കാരണമായത് ചില മേലുദ്യോഗസ്ഥരുടെ മുന്‍വിധിയും യുക്തിസഹമല്ലാത്ത നടപടികളുമാണെന്ന് വിമര്‍ശിച്ച് കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ പരസ്യപ്രമേയം. മാന്യനും മിടുക്കനുമായ ഒരു പൊലീസുകാരനെ മരണത്തിലേക്ക് തള്ളിവിടാന്‍ കാണിച്ച വ്യഗ്രത പൊലീസ് ഉദ്യോഗസ്ഥരുടെയും ഡിപ്പാര്‍ട്ട്മെന്‍റിന്‍െറയും നന്മക്കും ക്ഷേമത്തിനും ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് പ്രമേയം ചോദിക്കുന്നു. മൊബൈല്‍ ഫോണില്‍ ഒരു വിരല്‍ തെറ്റ് സംഭവിച്ചതിന്‍െറ പേരില്‍ ക്ഷമാപണം നടത്തിയിട്ടും ഷാജിയെ മാനസികമായി തകര്‍ക്കാന്‍ ഭീഷണിയും അധികാര ഗര്‍വും കാണിച്ച മേലുദ്യോഗസ്ഥര്‍ ഒൗദ്യോഗിക സ്ഥാനങ്ങളെ കളങ്കപ്പെടുത്തി. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന നീതിശാസ്ത്രമുള്ള രാജ്യത്ത് സഹപ്രവര്‍ത്തകനെ അപരാധിയെന്ന് മുദ്രകുത്തി കാലപുരിക്ക് അയക്കുന്ന പൊലീസിലെ ചിലരുടെ നടപടിയെ തടയാതിരിക്കുന്നത് ജനാധിപത്യത്തിനും നിയമസംഹിതക്കും ഭൂഷണമല്ളെന്ന് പ്രമേയത്തില്‍ പറയുന്നു. ഷാജിയുടെ മരണം അദ്ദേഹത്തിന്‍െറ ഭാര്യക്കും പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്കും ഉണ്ടാക്കിയ അപരിഹാര്യമായ നഷ്ടം ചില പൊലീസ് ഉദ്യോഗസ്ഥരുടെ കരുണയില്ലായ്മ കാരണം സൃഷ്ടിക്കപ്പെട്ടതാണ്. പൊലീസ് ഡിപ്പാര്‍ട്മെന്‍റില്‍ ഇനിയൊരു ഉദ്യോഗസ്ഥനും ഇത്തരമൊരു ദുരനുഭവം ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാറും വകുപ്പും നടപടി സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നുണ്ട്. സേനയിലെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന പ്രമേയങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി പരസ്യമായി നോട്ടീസ് ഇറക്കുന്നത് അപൂര്‍വ സംഭവമാണ്. കഴിഞ്ഞ ആഴ്ച കോഴിക്കോട് പൊലീസ് ക്ളബില്‍ നടന്ന യാത്രയയപ്പ് യോഗത്തിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അസോസിയേഷന്‍നേതാക്കള്‍ പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു. ഷാജിയുടെ മരണത്തോടെ പൊലീസ് സേനയിലെ മനോഭാവത്തില്‍ വന്ന മാറ്റം പ്രതിഫലിപ്പിക്കുന്നതാണ് മേലുദ്യോഗസ്ഥരെ കടന്നാക്രമിച്ചുള്ള കീഴുദ്യോഗസ്ഥരുടെ നീക്കങ്ങള്‍. അസോസിയേഷന്‍െറ പേരിലല്ളെങ്കിലും ഡിസംബര്‍ 12ന് കോഴിക്കോട് സിറ്റിയിലെയും റൂറലിലെയും പൊലിസുകാര്‍ കൂട്ടത്തോടെ ഷാജിയുടെ കുഴിമാടത്തില്‍ വിളക്ക് കത്തിക്കുന്ന ചടങ്ങ് ഒരുക്കുന്നുണ്ട്. പ്രതിഷേധം അണയാതെ കൊണ്ടുപോവുന്നതിന്‍െറ ഭാഗമാണിത്. അതിനിടെ, ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട എ.ഡി.ജി.പി നിഥിന്‍ അഗര്‍വാളിന്‍െറ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് സമര്‍പ്പിച്ചില്ല. എ.ഡി.ജി.പിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ഷാജിക്കെതിരായ നടപടിയില്‍ വകുപ്പുതല വീഴ്ച സംഭവിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.