ഭിന്നവീക്ഷണങ്ങളുമായി ലിംഗ സമത്വസംവാദം

കോഴിക്കോട്: ‘ലിംഗസമത്വവും മാധ്യമ നൈതികതയും’ വിഷയത്തില്‍ എസ്.എസ്.എഫ് സാസ്കാരിക വിഭാഗമായ ‘കലാലയം’ സംവാദം സംഘടിപ്പിച്ചു. ഈ വിഷയത്തില്‍ അടുത്ത കാലത്ത് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ വിശാല അര്‍ഥത്തില്‍ കണ്ടാല്‍ മതിയെന്നും ലിംഗസമത്വം എന്നത് ഭരണഘടനയുടെ കല്‍പനയായതിനാല്‍ അത് അംഗീകരിച്ചേ മതിയാവൂ എന്നും ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. സ്ത്രീകളോടുള്ള വിവേചനം പ്രതിഷേധാര്‍ഹമെങ്കിലും ചുംബനസമരം പോലുള്ള ആശയങ്ങള്‍ സമത്വം കൊണ്ടുവരാന്‍ പര്യാപ്തമല്ളെന്നും സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ പറഞ്ഞു. സെക്കുലര്‍ ഫണ്ടമെന്‍റലിസമാണ് കേരളം ഇന്നഭിമുഖീകരിക്കുന്ന വലിയ ഭീഷണിയെന്നും ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു. കാമറകള്‍ കണ്ണുതുറന്ന് പിടിച്ച കാലത്ത് കാലത്തിന് ചേരാത്തവിധം പ്രസ്താവനകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങള്‍ എക്കാലവും ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ടെന്നും മാധ്യമങ്ങളെ അവഗണിച്ച് ഒരു സമൂഹത്തിനും മുന്നേറാന്‍ കഴിയില്ളെന്നും മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി. ചെക്കുട്ടി പറഞ്ഞു. ഗുജറാത്തിലുള്‍പ്പെടെ വര്‍ഗീയ കലാപങ്ങള്‍ക്ക് വഴി മരുന്നിട്ടതില്‍ മാധ്യമങ്ങളും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ടെന്നായിരുന്നു കോളമിസ്റ്റ് ഒ. അബ്ദുല്ലയുടെ നിരീക്ഷണം. സമൂഹത്തിന്‍െറ ധാര്‍മികമായ നിലനില്‍പിന് ചില നിയന്ത്രണങ്ങള്‍ കൂടിയേതീരൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ ഇന്ന് കാണുന്ന അസമത്വങ്ങളില്‍ പലതും സ്വാഭാവികമായുണ്ടായതാണെന്നും അതില്‍ മതം ഉത്തരവാദിയല്ളെന്നും വിഷയമവതരിപ്പിച്ച ചേറൂര്‍ അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. എന്‍.എം. സ്വാദിഖ് സഖാഫി മോഡറേറ്ററായിരുന്നു. കലാലയം ചെയര്‍മാന്‍ ഫൈസല്‍ അഹ്സനി ഉളിയില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി കിനാലൂര്‍ സ്വാഗതവും സി.കെ. റാശിദ് ബുഖാരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.