മാറാട്ടെ ‘സ്പര്‍ശം’ പദ്ധതി തുരുമ്പെടുക്കുന്നു

ബേപ്പൂര്‍: മാറാട് തീരദേശത്തെ സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയും സ്നേഹവും മതസൗഹാര്‍ദവും ഊട്ടിയുറപ്പിക്കുകയും ലക്ഷ്യമിട്ട് 2010ല്‍ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ‘സ്പര്‍ശം’ പദ്ധതി തകര്‍ന്ന് തുരുമ്പെടുക്കുന്നു. നടത്തിപ്പിലെ പാളിച്ചയാണ് 250 സ്ത്രീകള്‍ ജോലിയെടുത്തിരുന്ന പദ്ധതിയുടെ തകര്‍ച്ചക്ക് കാരണം. 2010ല്‍ പദ്ധതിയില്‍ അഞ്ചു തൊഴില്‍ യൂനിറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ബുക് ബൈന്‍ഡിങ്, കൂണ്‍കൃഷി, ടെയ്ലറിങ്, സ്ക്രാപ്പിങ് യൂനിറ്റുകള്‍ എന്നിവ പൂട്ടി. മുപ്പതോളം സ്ത്രീകള്‍ ജോലിയെടുക്കുന്ന അപ്പര്‍ സ്റ്റിച്ചിങ് യൂനിറ്റ് മാത്രമാണ് ഇപ്പോള്‍ പേരിനെങ്കിലും നടന്നുപോരുന്നത്. മാറാട് പൊലീസ് കണ്‍ട്രോള്‍ റൂമിന് സമീപം സ്ഥിതി ചെയ്യുന്ന നാലു യൂനിറ്റുകളാണ് പൂര്‍ണമായും അടച്ചുപൂട്ടിയത്. യൂനിറ്റിനുള്ളിലെ ടെയ്ലറിങ് മെഷീനുകള്‍ പൂര്‍ണമായും തുരുമ്പെടുത്ത് നശിച്ചിട്ടുണ്ട്. മുകളിലെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയതിനാല്‍ ഈര്‍പ്പമേറിയ ഉപ്പുകാറ്റില്‍ ഇരുമ്പ് മേല്‍ക്കൂരയും തകര്‍ന്നു. പ്രത്യേക പരിശീലനം നേടിയ നൂറില്‍പരം സ്ത്രീകളുടെ തൊഴിലവസരമാണ് അധികൃതരുടെ പിടിപ്പുകേടുകൊണ്ട് നഷ്ടമാവുന്നത്. അടച്ചുപൂട്ടിയ നാലു യൂനിറ്റുകള്‍ പുനരുദ്ധരിക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ പദ്ധതി ആവിഷ്കരിച്ചെങ്കിലും നടത്തിപ്പിലെ പോരായ്മയെ തുടര്‍ന്ന് വീണ്ടും അവതാളത്തിലായി. പൂര്‍ണനാശത്തിന്‍െറ വക്കിലത്തെിയ യൂനിറ്റിനെ അധികൃതര്‍ നവീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കുമെന്ന പ്രതീക്ഷയിലാണ് മാറാട്ടെ സ്ത്രീകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.