കോഴിക്കോട്: വെങ്ങളം-പൂളാടിക്കുന്ന് ബൈപാസ് ജനുവരി മൂന്നാംവാരത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു. മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും ആലോചിച്ച് തീയതി നിശ്ചയിക്കും. ബൈപാസ് നിര്‍മാണ പുരോഗതി നേരില്‍കണ്ട് വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ദ്രുതഗതിയില്‍ പണി പൂര്‍ത്തിയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും കോണ്‍ട്രാക്ടറെയും അദ്ദേഹം അഭിനന്ദിച്ചു. പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് 28 മാസമാണ് അനുവദിച്ചിരുന്നത്. പദ്ധതിപ്രദേശം സന്ദര്‍ശിക്കാനത്തെിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 18 മാസത്തിനകം പ്രവൃത്തി തീര്‍ക്കാന്‍ ശ്രമിക്കണമെന്ന് കരാറുകാരോട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോടിന്‍െറ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമായി 28.12 കിലോമീറ്റര്‍ നീളത്തിലാണ് ദേശീയപാത ബൈപാസ് റോഡ് പൂര്‍ത്തിയാവുന്നത്. അവസാന ഘട്ടമായ 5.1 കി.മീറ്റര്‍ നീളം വരുന്ന പൂളാടിക്കുന്ന്-വെങ്ങളം ഭാഗമാണ് ജനുവരിയില്‍ തുറന്നുകൊടുക്കുക. ദേശീയപാതയുടെ നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് പൂളാടിക്കുന്ന്-വെങ്ങളം പാതക്ക്്. 152.75കോടി രൂപയാണ് ഈ ഭാഗത്തിന്‍െറ നിര്‍മാണച്ചെലവ്. സര്‍ക്കാറിന്‍െറ ‘സ്പീഡ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അവസാന ഭാഗത്തിന്‍െറ പണി നടത്തുന്നത്. 480 മീറ്റര്‍ നീളവും 13 സ്പാനുമുള്ള കോരപ്പുഴ പാലം, 188 മീറ്റര്‍ നീളവും അഞ്ച് സ്പാനുമുള്ള പുറക്കാട്ടിരി പാലം എന്നിവ പൂളാടിക്കുന്ന്-വെങ്ങളം ഭാഗത്ത് ഉള്‍പ്പെടുന്നു. പി.ഡബ്ളു.ഡി എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഇ.കെ. ഹൈദ്രോസ്, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.പി. ചന്ദ്രന്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റി ഡയറക്ടര്‍ എം.എം. സുരേന്ദ്രന്‍, വൈസ് പ്രസിഡന്‍റ് വി.കെ. അനന്തന്‍, കെ.എം. മീന, പി. നൂറുദ്ദീന്‍ എന്നിവരും ജില്ലാ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.