വടകര: തൊണ്ടിവയല്‍ ഐസ് പ്ളാന്‍റിനെ ചൊല്ലി യു.ഡി.എഫിനകത്ത് ഭിന്നത രൂക്ഷമായി. മുസ്ലിംലീഗ്, ജനതാദള്‍ (യു), കോണ്‍ഗ്രസ് കക്ഷികള്‍ ഭരണം കൈയാളുന്ന അഴിയൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നടപടികളെ ചൊല്ലിയാണ് വിമര്‍ശം ഉയര്‍ന്നിരിക്കുന്നത്. പഞ്ചായത്ത് അംഗമുള്‍പ്പെടെ ജയിലില്‍ കിടന്ന സാഹചര്യം വന്നിട്ടും ഭരണസമിതിയുടെ ഇടപെടല്‍ നാടകമാണെന്ന് ആക്ഷേപമുണ്ട്. സി.പി.എം മാത്രമാണ് കുടിവെള്ള സമരത്തിന് എതിരെ തുടക്കംമുതല്‍ നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ജനകീയ ഐക്യനിര രൂപപ്പെടുമ്പോള്‍ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുസ്ലിംലീഗ് ഐസ് പ്ളാന്‍റ് ഉടമക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നു എന്നാണ് പരാതി. അഴിയൂരിലെ പ്രധാന കക്ഷിയായ ജനതാദള്‍ (യു) നേതാക്കള്‍ മുസ്ലിംലീഗിന്‍െറ ഇരട്ടത്താപ്പിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ഭരണസമിതിയിലെ ജനതാദള്‍ (യു) അംഗങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നിലപാടിനെതിരെ രൂക്ഷവിമര്‍ശമാണ് ഉയര്‍ത്തുന്നത്. അഴിയൂര്‍ പഞ്ചായത്തിലെ ലീഗ് പ്രവര്‍ത്തകരില്‍ ഒരുവിഭാഗം, കുടിവെള്ള സംരക്ഷണ സമരസമിതിക്കൊപ്പം നിലകൊള്ളണമെന്ന ആവശ്യം ശക്തമായി പാര്‍ട്ടിക്കകത്തും പുറത്തും ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിംലീഗ് യോഗത്തില്‍ ഇക്കാര്യം തീരുമാനിച്ചെങ്കിലും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. ഇതിനുപിന്നില്‍ സമ്മര്‍ദം ഉള്ളതായാണ് സൂചന. തൊണ്ടിവയലിലെ ഐസ് പ്ളാന്‍റ് നിര്‍മാണം അനധികൃതമാണെന്ന ആക്ഷേപം ശക്തമാണ്. പഞ്ചായത്ത് കാര്യക്ഷമമായി ഇടപെട്ടാല്‍ നിര്‍മാണം നിര്‍ത്തിവെപ്പിക്കാന്‍ കഴിയും. കേവലം അയ്യായിരം ലിറ്റര്‍ വെള്ളം മാത്രം ഉപയോഗിച്ച് 80 ബ്ളോക്ക് ഐസ് ഉല്‍പാദിപ്പിക്കാനാണ് കഴിഞ്ഞ എട്ടുവര്‍ഷമായി ലക്ഷങ്ങള്‍ ചെലവഴിച്ച് പ്രവൃത്തി നടത്തുന്നതെന്ന ഐസ് പ്ളാന്‍റ് ഉടമയുടെ വാദം പരിഹാസ്യമാണെന്നും അതിനൊപ്പം നിന്നാല്‍ സാധാരണക്കാര്‍ പാര്‍ട്ടിയെ കൈവെടിയുമെന്നുമാണ് ലീഗിലെ ഒരു വിഭാഗത്തിന്‍െറ അഭിപ്രായം. കോണ്‍ഗ്രസ് ഐ വിഭാഗം ഐസ് പ്ളാന്‍റ് പദ്ധതി ആസൂത്രണം ചെയ്യുന്ന കാലത്തുതന്നെ ഉടമക്കൊപ്പമായിരുന്നു. എ വിഭാഗം മാത്രമാണ് സമരസമിതിക്കൊപ്പം നിലയുറപ്പിച്ചത്. ലീഗ് നിലപാടില്‍ മാറ്റമില്ളെങ്കില്‍ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പുതിയ രാഷ്ട്രീയ സമവാക്യം തന്നെ അഴിയൂരില്‍ രൂപപ്പെടുമെന്ന അഭിപ്രായം ശക്തമാണ്. വിമര്‍ശങ്ങള്‍ സജീവമായ സാഹചര്യത്തില്‍ ലീഗ് പാര്‍ട്ടി കൗണ്‍സില്‍ യോഗം ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച അഴിയൂരില്‍ ചേരുമെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.