പുതിയ ബസ്സ്റ്റാന്‍ഡ്: പൊലീസ് ഒത്താശയോടെ അനധികൃത കച്ചവടം

കോഴിക്കോട്: പൊലീസ് ഒത്താശയോടെ പുതിയബസ്സ്റ്റാന്‍ഡ് പ്രവേശകവാടത്തില്‍ വഴി തടസ്സപ്പെടുത്തിയും വാഹന പാര്‍ക്കിങ് സ്ഥലം കൈയേറിയും അനധികൃത കച്ചവടം. കോര്‍പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നിര്‍ദേശത്തിനും ഹൈകോടതിവിധിക്കും എതിരായാണ് വീണ്ടും കച്ചവടക്കാര്‍ക്ക് ഇവിടെ അനുമതി നല്‍കിയത്. ഉത്സവ സീസണില്‍ തെരുവുകച്ചവടത്തിന് അനുമതി നല്‍കാം എന്ന കീഴ്വഴക്കത്തിന്‍െറ മറവിലാണ് വഴി തടസ്സപ്പെടുത്തുംവിധം തെരുവുകച്ചവടക്കാരെ കുടിയിരുത്തിയിരിക്കുന്നത്. ഇവിടെ വാഹനം നിര്‍ത്താന്‍പോലും കച്ചവടക്കാര്‍ അനുവദിക്കുന്നില്ളെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയസമ്മര്‍ദം മൂലമാണ് പൊലീസ് അനധികൃത കച്ചവടക്കാര്‍ക്കു വേണ്ടി ഇടപെടുന്നത് എന്നാണ് വിവരം. ജനത്തിരക്കുള്ള മേഖലയില്‍ ഒരു നിലക്കും തെരുവുകച്ചവടം അനുവദിക്കാനാവില്ളെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗം പൊലീസ് നടപടിക്കെതിരെ കോര്‍പറേഷന്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ക്കുപോലും പാര്‍ക്കിങ്ങിന് സ്ഥലമില്ലാതെ ബസ്സ്റ്റാന്‍ഡ് പരിസരം വീര്‍പ്പുമുട്ടുമ്പോഴാണ് പൊലീസ് അനധികൃത കച്ചവടക്കാര്‍ക്ക് പച്ചക്കൊടി കാട്ടുന്നത്. നേരത്തേ ഇതുപോലെ പഴക്കച്ചവടക്കാര്‍ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്ന് വലിയൊരുഭാഗം അവര്‍ സ്വന്തമാക്കിയിരുന്നു. ആദ്യം ചെറിയ രീതിയില്‍ തുടങ്ങി പിന്നീട് കൂടുതല്‍ സ്ഥലം കൈയേറലാണ് പതിവ്. ഇങ്ങനെ കൈയേറുന്ന സ്ഥലങ്ങള്‍ വലിയ വാടകക്ക് മറിച്ചുനല്‍കുന്ന ഇടപാടും ഇവിടെ നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.