അമ്മൂമ്മയെയും മാതൃസഹോദരിയെയും വധിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കോഴിക്കോട്: സ്വത്തുതര്‍ക്കം മൂത്ത് അമ്മൂമ്മയെയും മാതൃസഹോദരിയെയും പാചകവാതകം തുറന്നുവിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ നടക്കാവ് സി.ഐ പ്രകാശന്‍ പടന്നയിലിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പാവങ്ങാട് കടലാടിയത്ത് വീട്ടില്‍ അതുല്‍ സേതുമാധവന്‍ (24) എന്ന അപ്പുവിനെയാണ് മേപ്പയൂര്‍ ചെറുവണ്ണൂരില്‍നിന്ന് പിടികൂടിയത്. ജൂലൈ 11ന് പാവങ്ങാട്ടെ തറവാട് വീട്ടിലത്തെിയ അപ്പു, സ്വത്തിനെചൊല്ലി തര്‍ക്കമുണ്ടാക്കുകയും വഴങ്ങാതിരുന്ന അമ്മൂമ്മ തങ്കമ്മ (83), അമ്മയുടെ സഹോദരി പുഷ്പ (56) എന്നിവരെ മുറിയില്‍ പൂട്ടിയിട്ടശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്. സംഭവത്തിനുശേഷം എറണാകുളത്തേക്ക് രക്ഷപ്പെട്ട ഇയാള്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ഏതാനും ദിവസം ഡ്രൈവറായി ജോലി ചെയ്തു. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് അവിടെനിന്ന് മുങ്ങി സ്ഥിരമായി എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍യാത്ര നടത്തിവരുകയായിരുന്നു. പൊലീസിനെ കബളിപ്പിക്കാന്‍ സ്വന്തം മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത്, ട്രെയിനില്‍ പരിചയപ്പെടുന്നവരുടെ ഫോണ്‍ ഉപയോഗിച്ചാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചിരുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് കോഴിക്കോട്ടെ അഭിഭാഷകനെ കാണാനത്തെിയതറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും വീണ്ടും മുങ്ങി. ചില സുഹൃത്തുക്കളോട് പണം ചോദിച്ചതറിഞ്ഞ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ മേപ്പയൂരിലത്തെിച്ച് അറസ്റ്റ് ചെയ്തത്. എ.എസ്.ഐമാരായ കെ. ശ്രീനിവാസന്‍, എ. അനില്‍കുമാര്‍, പൊലീസുകാരായ കെ. അബ്ദുറഹ്മാന്‍, ടി.ജി. രണ്‍ധീര്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.