ശ്രീകാന്തിനുണ്ടൊരു കോഴി; ശ്രീത്വമുള്ളൊരു പൂങ്കോഴി

ചേമഞ്ചേരി: വളര്‍ത്തുനായക്കുപകരം വേണമെങ്കില്‍ ഈ കോഴിയെ ഉപയോഗിക്കാം. അത്രക്ക് മിടുക്കനാണ് പൂക്കാട് ബീച്ച് റോഡ് സന്ദീപ നിവാസിലെ ശ്രീകാന്ത് പി. ദ്വാരകിന്‍െറ ‘കുട്ടു’ വെന്ന പൂവന്‍കോഴി. എട്ടാം ക്ളാസ് വിദ്യാര്‍ഥിയായ ശ്രീകാന്തും ഈ കോഴിയും തമ്മില്‍ ആരെയും അമ്പരപ്പിക്കുന്ന ആത്മസൗഹൃദമാണ്. കുട്ടുവിന്‍െറ സവിശേഷതകള്‍ ശ്രീകാന്തും മാതാപിതാക്കളും വിവരിക്കുന്നതിങ്ങനെ. അടുക്കളയില്‍ സൂക്ഷിച്ച കടലാസ് പെട്ടിയാണ് കൂട്. രാത്രി 7.30 ആയാല്‍ കുട്ടു മറ്റു കോഴികളെപോലെ താനേ കൂട്ടില്‍ക്കയറി കിടക്കും. പുലര്‍ച്ചെ അഞ്ചിന് കൂവും. രണ്ടേ രണ്ടുതവണ മാത്രം. പിന്നീട് 6.30 വരെ മിണ്ടാതെ കിടക്കും. 6.30 കഴിഞ്ഞിട്ടും വീട്ടുകാര്‍ എഴുന്നേറ്റില്ളെങ്കില്‍ പെട്ടിയില്‍നിന്ന് പുറത്തിറങ്ങി തുടര്‍ച്ചയായി കൂവും. ശ്രീകാന്ത് കിടക്കുന്ന മുറിയിലത്തെി കാലില്‍ കൊത്തിയുണര്‍ത്തും. പുതപ്പ് കൊക്കിലാക്കി വലിക്കും. ശ്രീകാന്ത് ഉണര്‍ന്നാല്‍ വീണ്ടും കാലില്‍ കൊത്തി പുറത്തേക്ക് പോകാന്‍ നിര്‍ബന്ധിക്കും. പിന്നെ ശ്രീകാന്തിനൊപ്പം വീടിനുചുറ്റും രണ്ടുമൂന്നു തവണ ഓടും. തിരികെ വന്ന് കടലാസ്പെട്ടിക്ക് സമീപത്തുവെച്ച പാത്രത്തില്‍നിന്ന് ഗോതമ്പോ അരിയോ കൊത്തിത്തിന്നും. ശ്രീകാന്ത് പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ പങ്ക് വാങ്ങിച്ച് തിന്നും. സ്കൂളിലേക്ക് പോകുമ്പോള്‍ ഗേറ്റുവരെ അനുഗമിക്കും. ഇയാള്‍ സൈക്കിളില്‍ കയറിയാല്‍ കാലില്‍ കൊത്തി സ്കൂളിലേക്ക് പോകുന്നതിലെ അനിഷ്ടം വ്യക്തമാക്കും. തിരികെവന്ന് വരാന്തയില്‍ ഷൂ സ്റ്റാന്‍ഡില്‍ കയറിയിരിക്കും. പിന്നെ ഒരു നായയുടെ ഡ്യൂട്ടിയാണ് കുട്ടുവിന്. അപരിചിതരെ കണ്ടാല്‍ കൊക്കി വീട്ടുകാരെ അറിയിക്കും. ഒരാളെ പോലും വരാന്തയിലെ ഗ്രില്‍സ് തൊടാന്‍ സമ്മതിക്കില്ല. കൊത്തിയകറ്റും. വീട്ടുകാര്‍ ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ പങ്ക് വാങ്ങി കഴിക്കും. പിന്നീട് അല്‍പസമയം ടി.വി കാണല്‍. വൈകുന്നേരമായാല്‍ ശ്രീകാന്തിന്‍െറ സൈക്കിള്‍ ബെല്ലടിക്കുന്നത് കാതോര്‍ത്തിരിക്കും. റോഡരികിലെ വീടായതിനാല്‍ മറ്റു സൈക്കിള്‍ ബെല്ലുകള്‍ കേട്ടാല്‍ കുട്ടു അവഗണിക്കും. ശ്രീകാന്തിന്‍െറ സൈക്കിള്‍ ബെല്‍ കേട്ടാല്‍ ഗേറ്റിനരികില്‍ പോയി സ്വീകരണം. പിതാവ് ദ്വാരകിന്‍െറ ബൈക്കിന്‍െറ ശബ്ദവും കുട്ടുവിന് വേര്‍തിരിച്ചറിയാം. ഇതുകേട്ടാലും കുട്ടു സ്വീകരിക്കാന്‍ ഗേറ്റിനരികിലത്തെും. വൈകുന്നേരം ശ്രീകാന്തിനൊപ്പം സൈക്കിള്‍ സവാരി. എത്രസമയം വേണമെങ്കിലും സൈക്കിളിനു പിറകില്‍ ഇരിക്കും. വീട്ടില്‍ എവിടെയായാലും ‘കുട്ടൂ’ എന്ന് നീട്ടിവിളിച്ചാല്‍ ഓടിയത്തെും. എത്ര ദൂരെയായാലും കൊക്കിവിളിച്ച് മറുപടി പറയും. രാത്രി 7.30നുശേഷം എത്ര വൈകി ദ്വാരക് എത്തിയാലും കൂട്ടില്‍നിന്ന് പുറത്തുവരും. ഒന്നര വര്‍ഷംമുമ്പ് റോഡരികില്‍നിന്ന് വാങ്ങിയ രണ്ടു കോഴിക്കുഞ്ഞുങ്ങളില്‍ ഒന്നാണ് കുട്ടു. ഒന്നിനെ ഒരുമാസം പ്രായമായപ്പോള്‍ നായ പിടിച്ചു. ആ കാഴ്ച കണ്ട് ഭയന്നതുകൊണ്ടാണത്രെ ഇത് തനിയെ പുറത്തിറങ്ങില്ല. പാലക്കാട് കൊടുവായൂര്‍ സ്വദേശിയായ ദ്വാരകും ഭാര്യ അനിയും നന്തി ശ്രീശൈലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിയായ ശ്രീകാന്തും കുട്ടു കാരണം പ്രശസ്തരാവുകയാണ്. കോഴിയുടെ പ്രത്യേകതകള്‍ കഴിഞ്ഞദിവസം ന്യൂസ് ചാനലില്‍ വാര്‍ത്തയായി വന്നിരുന്നു. ഇതോടെ, സ്കൂളിലെ ഹീറോ ആയി ശ്രീകാന്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.