കോഴിക്കോട്: ഡോക്ടര്‍മാരില്ലാതെ നട്ടംതിരിയുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഏറ്റവുംവലിയ ഡിപ്പാര്‍ട്മെന്‍റായ പാത്തോളജി വിഭാഗം. 30 ഡോക്ടര്‍മാരെങ്കിലും വേണ്ടിടത്ത് 16 പേര്‍ മാത്രമാണുള്ളത്. 21 തസ്തികയാണ് മെഡിക്കല്‍ കോളജ് പാത്തോളജി വിഭാഗത്തിലുള്ളത്. അതില്‍തന്നെ അഞ്ചു തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 21 പേരുണ്ടെങ്കില്‍തന്നെ ലാബ് പരിശോധനകളും വിദ്യാര്‍ഥികളെ പഠിപ്പിക്കലും ഒരുമിച്ചുകൊണ്ടുപോകാനാകില്ല. നിലവില്‍ ഈവര്‍ഷം മൂന്നുപേര്‍ക്ക് സ്ഥലംമാറ്റം ലഭിച്ചു. മഞ്ചേരി, കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകളിലേക്കാണ് മാറ്റംപോയത്. പകരം, ഡോക്ടര്‍മാര്‍ കോഴിക്കോട്ടേക്ക് വന്നിട്ടില്ല. നിലവിലെ ഒരു ഡോക്ടര്‍ക്ക് അസിസ്റ്റന്‍റ്പ്രഫസര്‍ തസ്തികയില്‍നിന്ന് അസോസിയേറ്റ് തസ്തികയിലേക്ക് കയറ്റംകിട്ടി. അങ്ങനെ ഒഴിഞ്ഞ അസിസ്റ്റന്‍റ് തസ്തികയും നികത്തിയിട്ടില്ല. കഴിഞ്ഞവര്‍ഷം പാത്തോളജി വിഭാഗത്തില്‍നിന്ന് ഒരാളെ മഞ്ചേരിയിലേക്ക് മാറ്റിയിരുന്നു. ആ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. 2006ലാണ് അവസാനമായി പുതിയ തസ്തിക സൃഷ്ടിച്ചത്. അതിനുശേഷം പിന്നീട് തസ്തിക സൃഷ്ടിക്കലൊ നിയമനം നടത്തലൊ ഉണ്ടായിട്ടില്ല. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമപ്രകാരം 250 വിദ്യാര്‍ഥികളെ പഠിപ്പിക്കാനുള്ള അധ്യാപകരുണ്ടോയെന്ന് മാത്രമേ പരിശോധിക്കുകയുള്ളൂ. എന്നാല്‍, ആയിരക്കണക്കിന് രോഗികളുടെ ലാബ് പരിശോധനകള്‍, പത്തോളം പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് ക്ളാസെടുക്കല്‍ എന്നിവയൊന്നും ആരുടെയും കണക്കില്‍പെടുന്നില്ളെന്ന് പാത്തോളജിവിഭാഗം മേധാവി ഡോ. സതി പറഞ്ഞു. മെഡിക്കല്‍ കോളജുകളിലെ പരീക്ഷാ ഡ്യൂട്ടി, പാരാമെഡിക്കല്‍ വിദ്യാര്‍ഥികളുടെ പരീക്ഷാ ഡ്യൂട്ടി, ഉത്തരക്കടലാസ് പരിശോധന, പുതിയ മെഡിക്കല്‍ കോളജുകളില്‍ പരിശോധന എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി ദിവസവും ഒന്നോ രണ്ടോപേര്‍ പോകേണ്ടിവരുന്നു. ബാക്കിയുള്ളവര്‍ ചേര്‍ന്ന് വര്‍ഷത്തില്‍ 23,000ത്തോളം ബയോപ്സി, 16,000 കോശ പരിശോധനകള്‍, 13,000 ഹെമറ്റോളജി പരിശോധനകള്‍. കൂടാതെ, മറ്റെല്ലാവിധ പ്രത്യേക പരിശോധനകളും നടത്തുന്നുണ്ട്. 24 മണിക്കൂര്‍ ലാബും പ്രവര്‍ത്തിക്കുന്നുണ്ട്. താങ്ങാവുന്നതിലേറെ ഭാരം വഹിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രശ്നങ്ങള്‍ ഇവിടെയുമുണ്ടാകാറുണ്ട്. പ്രശ്നങ്ങള്‍ വരുമ്പോള്‍ കുറ്റപ്പെടുത്തുന്നവര്‍ പ്രശ്നം പരിഹരിക്കാന്‍ വേണ്ട നടപടികളൊന്നും സ്വീകരിക്കാറില്ളെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.